ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ദയനീയ പരാജയമേറ്റുവാങ്ങിയ ഇന്ത്യ പരമ്പരയിലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെയും കൈവശം വെച്ചിരുന്ന സമഗ്രാധിപത്യം കളഞ്ഞുകുളിച്ചിരുന്നു. പെര്‍ത്ത് ടെസ്റ്റില്‍ 295 റണ്‍സിന്റെ ചരിത്ര വിജയം നേടിയ ഇന്ത്യ അഡ്‌ലെയ്ഡില്‍ ബാറ്റര്‍മാരുടെ മോശം പ്രകടനത്താല്‍ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു.
ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്‌ലിയും ടീമിലേക്ക് മടങ്ങിയെത്തിയ രോഹിത് ശര്‍മയും ആരാധകരുടെ ആവേശം കൊടുമുടി കയറ്റിയിരുന്നു. എന്നാല്‍ അവിടെ നിന്നും ആരാധകരെ താഴേയ്ക്ക് തള്ളിയിടുന്നതായിരുന്നു സീനിയര്‍ താരങ്ങളുടെ പ്രകടനം.
ആദ്യ ഇന്നിങ്‌സില്‍ വിരാട് എട്ട് പന്തില്‍ നിന്നും ഏഴ് റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സിലാകട്ടെ ഇരട്ടയക്കം തൊട്ടു എന്നതൊഴിച്ചാല്‍ ഒരു പുരോഗതിയും വിരാടിനുണ്ടായിരുന്നില്ല. 21 പന്തില്‍ 11 റണ്‍സ് നേടിയാണ് വിരാട് കളം വിട്ടത്.
കഴിഞ്ഞ പര്യടനത്തില്‍ (2021) ഇതിലും മോശം രീതിയിലാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ പരാജയപ്പെട്ടത്. എന്നാല്‍ ആ നിരാശയെ മറികടന്ന് ഗാബയടക്കം കീഴടക്കിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ബ്രിസ്‌ബെയ്‌നില്‍ വീണ്ടും ഒരു ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം അരങ്ങേറുമ്പോള്‍ രോഹിത്തിന്റെയും സംഘത്തിന്റെയും തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഈ മത്സരത്തില്‍ വിരാട് കോഹ്‌ലിയെ ചില നേട്ടങ്ങളും കാത്തിരിക്കുന്നുണ്ട്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ റണ്‍ വേട്ടക്കാരുടെ പട്ടികയിലുണ്ടാക്കാന്‍ സാധിക്കുന്ന മുന്നേറ്റമാണ് ഇതിലൊന്ന്.
ഈ പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് വിരാട്. കേവലം 42 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ രാഹുല്‍ ദ്രാവിഡിനെ മറികടന്ന് നാലാം സ്ഥാനത്തെത്താന്‍ വിരാടിന് സാധിക്കും.
പെര്‍ത്തിലെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയെയും മൈക്കല്‍ ക്ലാര്‍ക്കിനെയും മറികടന്ന വിരാടിന് മുമ്പില്‍ ഇനി ദ്രാവിഡും പോണ്ടിങ്ങും അടക്കമുള്ള മഹാരഥികളാണുള്ളത്.
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 65 – 3262
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 51 – 2555
വി.വി.എസ്. ലക്ഷ്മണ്‍ – ഇന്ത്യ – 54 – 2434
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 60 – 2143
വിരാട് കോഹ്‌ലി – ഇന്ത്യ – 46 – 2102*
മൈക്കല്‍ ക്ലാര്‍ക്ക് – ഓസ്‌ട്രേലിയ – 40 – 2049
അതേസമയം, ഡിസംബര്‍ 14ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ വിജയിച്ച് പരമ്പരയില്‍ മുന്നേറാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നേട്ടമുണ്ടാക്കി ഫൈനലിലേക്ക് ഒരു പടി കൂടി വെക്കാനും ഇന്ത്യക്ക് ഗാബയില്‍ വിജയം അനിവാര്യമാണ്.
Content Highlight: Virat Kohli needs 42 runs to overtake Rahul Dravid as the highest run scorer in the Border Gavaskar Trophy.