ടി-20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം അടിവെച്ചടക്കുകയാണ്. ജൂണ്‍ രണ്ടിനാണ് ലോകകപ്പിന്റെ പുതിയ എഡിഷന്‍ ആരംഭിക്കുന്നത്. 20 ടീമുകള്‍ ഒരേ ലക്ഷ്യത്തിനായി മാറ്റുരയ്ക്കുന്ന ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് ആതിഥേയരാകുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഒറ്റ ഐ.സി.സി കിരീടം പോലുമില്ലാത്ത ഇന്ത്യ കിരീടം നേടാന്‍ ഉറച്ചാണ് ലോകകപ്പിനിറങ്ങുന്നത്.
ഈ ലോകകപ്പില്‍ ഇന്ത്യ ഏറ്റവുമധികം ആത്മവിശ്വാസമര്‍പ്പിക്കുന്നത് വിരാട് കോഹ്‌ലിയുടെ ബാറ്റിങ് മികവിലാണ്. ഐ.പി.എല്ലിലെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ വിരാട് മികച്ച ഫോമിലാണ് തുടരുന്നത്.
കഴിഞ്ഞ സീസണില്‍ പുറത്തെടുത്ത അതേ ഡൊമിനന്‍സ് വിരാട് ഇത്തവണയും പുറത്തെടുത്താല്‍ ഇന്ത്യയുടെ സാധ്യതകളും അത്ര തന്നെ വലുതായിരിക്കും.
ഈ ലോകകപ്പില്‍ ഒരു ഐതിഹാസിക നേട്ടവും വിരാട് കോഹ്‌ലിക്ക് സ്വന്തമാക്കാനുള്ള അവസരമുണ്ട്. അന്താരാഷ്ട്ര തലത്തില്‍ 27,000 റണ്‍സെന്ന നേട്ടമാണ് വിരാടിന് മുമ്പിലുള്ളത്. ഈ നേട്ടത്തിലെത്താന്‍ വിരാടിന് വേണ്ടതാകട്ടെ വെറും 267 റണ്‍സും.
അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും വേഗത്തില്‍ 25,000 റണ്‍സ് 26,000 റണ്‍സ് മാര്‍ക് പിന്നിട്ട വിരാടിന് ഈ നേട്ടവും അനായാസം മറികടക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
601 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ടെന്‍ഡുല്‍ക്കര്‍ 26,000 റണ്‍സ് എന്ന മാജിക്കല്‍ നമ്പര്‍ പിന്നിട്ടത്. എന്നാല്‍ വിരാടാകട്ടെ 577ാം ഇന്നിങ്‌സില്‍ ഈ നേട്ടം കൈവരിച്ചു.
നിലവില്‍ 580 ഇന്നിങ്‌സില്‍ നിന്നുമാണ് വിരാട് 26,733 റണ്‍സ് നേടിയത്. ഈ ലോകകപ്പില്‍ തന്നെ 27,000 റണ്‍സ് നേടിയാല്‍ സച്ചിനെ ബഹുദൂരം പിറകിലാക്കി വിരാടിന് ഐതിഹാസിക നേട്ടത്തില്‍ ഇരിപ്പുറപ്പിക്കാം.
54.11 എന്ന ശരാശരിയിലും 79.46 എന്ന സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് വീശുന്ന വിരാട് 80 സെഞ്ച്വറിയും 139 അര്‍ധ സെഞ്ച്വറികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതുവരെ മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് 27,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. 34,357 റണ്‍സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലീഡ് ചെയ്യുന്ന ലിസ്റ്റില്‍ 28,016 റണ്‍സുമായി ലങ്കന്‍ ലെജന്‍ഡ് കുമാര്‍ സംഗക്കാര രണ്ടാമനും 27,483 റണ്‍സ് നേടി ഇതിഹാസ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് മൂന്നാമനുമാണ്.
ഇവര്‍ക്കൊപ്പം പട്ടികയിലെ നാലാമനായാണ് വിരാട് ഈ നേട്ടത്തിലേക്ക് നടന്നുകയറുക.
Content highlight: Virat Kohli needs 267 runs to complete 27,000 international runs