ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ അപ്പര്‍ഹാന്‍ഡ് നേടിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഇന്ന് (ഡിസംബര്‍ ആറ്) മുതല്‍ 10 വരെ അഡ്‌ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ ഡോമിനേഷന്‍ തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് റണ്‍സിന് പുറത്തായ വിരാട് രണ്ടാം ഇന്നിങ്‌സില്‍ 143 പന്തില്‍ നിന്ന് 100 റണ്‍സ് നേടി പുറത്താകാതെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. റെഡ് ബോളില്‍ തന്റെ 30ാം സെഞ്ച്വറി പൂര്‍ത്തിയാക്കുന്നതിനോടൊപ്പം ഒട്ടനവധി റെക്കോഡുകള്‍ നേടാനും തിരുത്താനും വിരാടിന് സാധിച്ചു. അതില്‍ ഒന്ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവും അധികം സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ്.
ഈ നേട്ടത്തില്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡിനൊപ്പമെത്താനും വിരാടിന് സാധിച്ചിരുന്നു. ഇരുവരും ഒമ്പത് സെഞ്ച്വറിയാണ് ബോര്‍ഡര്‍ ഗവാസ്‌കറില്‍ നേടിയത്. എന്നാല്‍ അഡ്ലെയ്ഡില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടാന്‍ സാധിച്ചാല്‍ വിരാടിന് ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് സാധിക്കുക.
മാത്രമല്ല ഓസീസില്‍ ഇതുവരെ എല്ലാ ഫോര്‍മാറ്റിലുമായി 10 സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാടിന് ശേഷിക്കുന്ന ടെസ്റ്റില്‍ ഇതിഹാസതാരം സര്‍ ഡോണ്‍ ബ്രാഡ്മാനൊപ്പമെത്താനും അവസരമുണ്ട്. ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാമെന്ന ബ്രാഡ്മാന്റെ റെക്കോഡിനൊപ്പമെത്താനാണ് വിരാടിന് സാധിക്കുക.
1930നും 1948നും ഇടയില്‍ ഇംഗ്ലണ്ടിനെതിരെ ബ്രാഡ്മാന്‍ നേടിയത് 11 സെഞ്ച്വറികളാണ് ഒരു രാജ്യത്ത് ഒരു സന്ദര്‍ശക ബാറ്റര്‍ നേടിയ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയാണിത്. തന്റെ കരിയറില്‍ ഇംഗ്ലീഷ് മണ്ണില്‍ കളിച്ച 19 മത്സരങ്ങളിലെ 30 ഇന്നിങ്സുകളില്‍ 102. 84 ശരാശരിയില്‍ 334 എന്ന ഉയര്‍ന്ന സ്‌കോറോടെയാണ് ബ്രാഡ്മാന്‍ തിളങ്ങിയത്.
Content Highlight: Virat Kohli Need One Century To Surpass Sachin Tendulkar And Sir Don Bradman