ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.
അഡ്ലെയ്ഡ് ടെസ്റ്റില്‍ മോശം പ്രകടനമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി കാഴ്ചവെച്ചത്. രണ്ട് ഇന്നിങ്സില്‍ നിന്നും 19 റണ്‍സാണ് താരം നേടിയത്. മൂന്നാം ടെസ്റ്റില്‍ വിരാട് കോഹ്ലി മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ അഞ്ച് റണ്‍സിന് പുറത്തായ വിരാട് രണ്ടാം ഇന്നിങ്സില്‍ 143 പന്തില്‍ നിന്ന് 100 റണ്‍സ് നേടി പുറത്താകാതെ മികച്ച തിരിച്ചുവരവാണ് നടത്തിയത്.
റെഡ് ബോളില്‍ തന്റെ 30ാം സെഞ്ച്വറി പൂര്‍ത്തിയാക്കുന്നതിനോടൊപ്പം ഒട്ടനവധി റെക്കോഡുകള്‍ നേടാനും തിരുത്താനും വിരാടിന് സാധിച്ചു. അതില്‍ ഒന്ന് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഏറ്റവും അധികം സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ്.
ഈ നേട്ടത്തില്‍ ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന്റെ റെക്കോഡിനൊപ്പമെത്താനും വിരാടിന് സാധിച്ചിരുന്നു. ഇരുവരും ഒമ്പത് സെഞ്ച്വറിയാണ് ബോര്‍ഡര്‍ ഗവാസ്കറില്‍ നേടിയത്.
എന്നാല്‍ ഗാബയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടാന്‍ സാധിച്ചാല്‍ വിരാടിന് ബോര്‍ഡര്‍ ഗവാസ്കറില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് സാധിക്കുക.
Content Highlight: Virat Kohli Need One Century To Surpass Sachin Tendulkar