ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ടെസ്റ്റിലെ തോല്‍വിയോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.
ഗബ്ബയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി നേടാനിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. മത്സരത്തില്‍ സെഞ്ച്വറി നേടിയാല്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറിന്റെ റെക്കോഡിനൊപ്പമെത്താനാണ് വിരാടിന് സാധിക്കുക. ഓസ്‌ട്രേലിയയിലെ എല്ലാ വേദികളിലും ഗവാസ്‌കര്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാല്‍ വിരാടിന് ഗബ്ബയില്‍ മാത്രമാണ് സെഞ്ച്വറി നേടാന്‍ സാധിക്കാത്തത്.
വരാനിരിക്കുന്ന ടെസ്റ്റില്‍ സെഞ്ച്വറി നേടിയാല്‍ ഓസ്‌ട്രേലിയയില്‍ എട്ട് സെഞ്ച്വറി പൂര്‍ത്തിയാക്കാനും എല്ലാ വേദികളിലും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാകാനുമാണ് സാധിക്കുക. സുനില്‍ ഗവാസ്‌കറും അലസ്റ്റര്‍ കുക്കും മാത്രമാണ് ഈ നേട്ടം കൈവരിക്കുന്ന രണ്ട് കളിക്കാര്‍.
വിരാട് കോഹ്ലി ഓസ്ട്രേലിയയില്‍ ഏഴ് ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. അഡ്ലെയ്ഡില്‍ മൂന്ന് സെഞ്ച്വറികളും പെര്‍ത്തില്‍ രണ്ട് സെഞ്ച്വറികളും മെല്‍ബണിലും സിഡ്നിയിലും ഓരോ സെഞ്ച്വറിയുമാണ് വിരാട് നേടിയത്.
‘മൂന്നാം ടെസ്റ്റില്‍ അദ്ദേഹം സെഞ്ച്വറി നേടിയാല്‍ അത് ടീം ഇന്ത്യക്ക് ഗുണം ചെയ്യും. ബ്രിസ്‌ബേനില്‍ സെഞ്ച്വറി നേടിയാല്‍ ഒരു എലൈറ്റ് ക്ലബ്ബില്‍ ചേരാം. ഈ റെക്കോഡ് സ്‌ക്രിപ്റ്റ് ചെയ്യുന്ന മൂന്നാമത്തെ സന്ദര്‍ശക ബാറ്ററായി അദ്ദേഹം മാറും, നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളുടെ വേദിയായ മെല്‍ബണിലും സിഡ്നിയിലും വിരാട് സെഞ്ച്വറി സ്‌കോര്‍ ചെയ്തിട്ടുണ്ട്,’ ഗവാസ്‌കര്‍ പറഞ്ഞു.
Content Highlight: Virat Kohli Need One Century To Script Great Record In Gabba