| Thursday, 12th December 2024, 10:20 pm

ഇംഗ്ലണ്ടിനെതിരെ ബ്രാഡ്മാന്‍, ഓസ്‌ട്രേലിയക്കെതിരെ വിരാട് കോഹ്‌ലി; വെടിക്കെട്ട് റെക്കോഡിന് വേണ്ടത് ഒന്ന് മാത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മോശം പ്രകടനമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കാഴ്ചവെച്ചത്. രണ്ട് ഇന്നിങ്‌സില്‍ നിന്നും 19 റണ്‍സാണ് താരം നേടിയത്. മൂന്നാം ടെസ്റ്റില്‍ വിരാട് കോഹ്‌ലി മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് റണ്‍സിന് പുറത്തായ വിരാട് രണ്ടാം ഇന്നിങ്‌സില്‍ 143 പന്തില്‍ നിന്ന് 100 റണ്‍സ് നേടി പുറത്താകാതെ മികച്ച തിരിച്ചുവരവാണ് നടത്തിയത്.

റെഡ് ബോളില്‍ തന്റെ 30ാം സെഞ്ച്വറി പൂര്‍ത്തിയാക്കുന്നതിനോടൊപ്പം ഒട്ടനവധി റെക്കോഡുകള്‍ നേടാനും തിരുത്താനും വിരാടിന് സാധിച്ചു. ഗാബ ടെസ്റ്റില്‍ മിന്നും സെഞ്ച്വറി സ്വന്തമാക്കിയാല്‍ വിരാടിനെ കാത്തിരിക്കുന്നത് മറ്റൊരു തകര്‍പ്പന്‍ റെക്കോഡാണ്.

ഓസീസില്‍ ഇതുവരെ എല്ലാ ഫോര്‍മാറ്റിലുമായി 10 സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാടിന് ശേഷിക്കുന്ന ടെസ്റ്റില്‍ സെഞ്ച്വറി നേടിയാല്‍ ഇതിഹാസതാരം സര്‍ ഡോണ്‍ ബ്രാഡ്മാനൊപ്പമെത്താനും അവസരമുണ്ട്. ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാമെന്ന ഓസീസ് ഇതിഹാസം ബ്രാഡ്മാന്റെ റെക്കോഡിനൊപ്പമെത്താനാണ് വിരാടിന് സാധിക്കുക.

1930നും 1948നും ഇടയില്‍ ഇംഗ്ലണ്ടിനെതിരെ ബ്രാഡ്മാന്‍ നേടിയത് 11 സെഞ്ച്വറികളാണ് ഒരു രാജ്യത്ത് ഒരു സന്ദര്‍ശക ബാറ്റര്‍ നേടിയ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയാണിത്. തന്റെ കരിയറില്‍ ഇംഗ്ലീഷ് മണ്ണില്‍ കളിച്ച 19 മത്സരങ്ങളിലെ 30 ഇന്നിങ്‌സുകളില്‍ 102. 84 ശരാശരിയില്‍ 334 എന്ന ഉയര്‍ന്ന സ്‌കോറോടെയാണ് ബ്രാഡ്മാന്‍ തിളങ്ങിയത്.

Content Highlight: Virat Kohli Need One Century To Achieve Great Record

We use cookies to give you the best possible experience. Learn more