| Friday, 22nd March 2024, 12:36 pm

ചെന്നൈയുടെ മണ്ണിൽ ചിന്നതലയുടെ റെക്കോഡ് തകർക്കാൻ കോഹ്‌ലിക്ക് സുവർണാവസരം; വിരാട് ചരിത്രം കുറിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കമായ ഐ.പി. എല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്.

തങ്ങളുടെ ആറാം ഐ.പി.എല്‍ കിരീടം ലക്ഷ്യം വെച്ചാണ് ചെന്നൈ കളത്തില്‍ ഇറങ്ങുന്നത്. മറുഭാഗത്ത് 16 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കാനാണ് ബെംഗളൂരു എത്തുന്നത്.

മത്സരത്തില്‍ ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. മത്സരത്തില്‍ നാല് ക്യാച്ചുകള്‍ നേടാന്‍ കോഹ്‌ലിക്ക് സാധിച്ചാല്‍ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന താരമായി മാറാന്‍ ഇന്ത്യന്‍ സൂപ്പര്‍താരത്തിന് സാധിക്കും. നിലവില്‍ 235 ഇന്നിങ്‌സുകളില്‍ നിന്നും 106 ക്യാച്ചുകള്‍ ആണ് കോഹ്‌ലി നേടിയിട്ടുള്ളത്.

ഐ.പി.എല്ലിന് ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ളത് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്‌നയാണ്. 24 ഇന്നിങ്‌സുകളില്‍ കളിച്ച താരം 109 ക്യാച്ചുകളാണ് നേടിയത്. അതുകൊണ്ടുതന്നെ ഈ സീസണില്‍ നാല് ക്യാച്ചുകള്‍ കൂടി സ്വന്തമാക്കിയാല്‍ വിരാടിന് റെയ്‌നയെ മറികടന്നുകൊണ്ട് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ സാധിക്കും.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ താരം, ഇന്നിങ്‌സ്, ക്യാച്ചുകളുടെ എണ്ണം

സുരേഷ് റെയ്‌ന- 204-109

വിരാട് കോഹ്‌ലി-235-106

കെയ്‌റോണ്‍ പൊള്ളാര്‍ഡ്-189-103

രോഹിത് ശര്‍മ-243-98

രവീന്ദ്ര ജഡേജ-225-97

റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് വിരാട് നടത്തിയത്. 237 മത്സരങ്ങളില്‍ നിന്ന് ഏഴ് സെഞ്ച്വറികളും 50 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 7263 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്.

ഈ സീസണിലും വിരാടിന്റെ ബാറ്റില്‍ നിന്നും മിന്നും പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Virat Kohli Need four catch to become the Most catch by a Player in IPL history

We use cookies to give you the best possible experience. Learn more