ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയക്കുതിപ്പ് തുടരാനായിരിക്കും ഓറഞ്ച് ആര്‍മി ഇറങ്ങുക.
മറുഭാഗത്ത് തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങിയ ബെംഗളൂരുവിന്റെ ഈ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിപ്പിച്ചതാണ്. അതുകൊണ്ടുതന്നെ വിജയ വഴിയില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും ഫാഫ് ഡ്യൂപ്ലസിയും സംഘവും ഇറങ്ങുക.
നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും രണ്ട് തോല്‍വിയും അടക്കം 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഓറഞ്ച് ആര്‍മി. എന്നാല്‍ എട്ട് മത്സരങ്ങളില്‍ ഒരു ജയവും ഏഴ് തോല്‍വിയുമായി രണ്ട് പോയിന്റോടെ അവസാനസ്ഥാനത്തുമാണ് ബെംഗളൂരു.
ഈ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ഓറഞ്ച് ആർമിക്കെതിരെ 81 റണ്‍സ് കൂടി നേടിയാല്‍ ഐ.പി.എല്‍ ചരിത്രത്തില്‍ ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാന്‍ വിരാടിന് സാധിക്കും. നിലവില്‍ ഹൈദരാബാദിനെതിരെ 22 മത്സരങ്ങളില്‍ നിന്നും 711 റണ്‍സാണ് കോഹ്‌ലി നേടിയിട്ടുള്ളത്.
ഐ.പി.എല്‍ ചരിത്രത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ളത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആണ്. ഓറഞ്ച് ആര്‍മിക്കെതിരെ 21 ഇന്നിങ്സില്‍ നിന്നും നാല് അര്‍ധസെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 791 റണ്‍സാണ് മലയാളി താരം അടിച്ചെടുത്തത്. 49.43 ആവറേജില്‍ 138.28 പ്രഹരശേഷിയിലാണ് സഞ്ജു ബാറ്റ് വീശിയത്. ഓറഞ്ച് പടക്കെതിരെ 57 ഫോറുകളും 35 സിക്സുകളുമാണ് സഞ്ജു നേടിയത്.
2019 സീസണില്‍ ആയിരുന്നു ഹൈദരാബാദിനെതിരെ സഞ്ജു സെഞ്ച്വറി നേടിയത്. 55 പന്തില്‍ പുറത്താവാതെ 102 റണ്‍സ് നേടി കൊണ്ടായിരുന്നു മലയാളി താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 185.45 സ്ട്രൈക്ക് റേറ്റില്‍ പത്ത് ഫോറുകളും നാല് സിക്‌സുകളുമാണ് സഞ്ജു അടിച്ചെടുത്തത്.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍, ഇന്നിങ്സ്, റണ്‍സ് എന്നീ ക്രമത്തില്‍
സഞ്ജു സാംസണ്‍-21-791
വിരാട് കോഹ്‌ലി-22-711
ഷെയ്ന്‍ വാട്സണ്‍-18-566
അമ്പാട്ടി റായിഡു-21-549
നിതീഷ് റാണ-16-546
Content Highlight: Virat Kohli need 81 runs to break Sanju Samson record agains SRH in IPL