| Monday, 22nd January 2024, 1:18 pm

ഇനി ആ ആറ് റണ്‍സിന് ഐ.പി.എല്‍ വരെ കാത്തിരിക്കണം; നാലാമനാകാന്‍ കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റിലെ ഐതിഹാസിക നേട്ടം സ്വന്തമാക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ടി-20യില്‍ 12,000 റണ്‍സ് എന്ന അത്യപൂര്‍വ നേട്ടമാണ് വിരാടിനെ കാത്തിരിക്കുന്നത്. വെറും ആറ് റണ്‍സ് കൂട്ടിച്ചേര്‍ത്താന്‍ വിരാടിന് ഈ നേട്ടം സ്വന്തമാക്കാം.

2007 മുതല്‍ ടി-20 കരിയര്‍ ആരംഭിച്ച വിരാട് 359 ഇന്നിങ്‌സില്‍ നിന്നും 11,994 റണ്‍സാണ് നേടിയത്. 41.21 എന്ന ശരാശരിയിലും 133.42 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വിരാട് റണ്‍സടിച്ചുകൂട്ടിയത്. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 122 റണ്‍സാണ് മികച്ച സ്‌കോര്‍.

ടി-20 ഫോര്‍മാറ്റില്‍ എട്ട് തവണ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് 91 അര്‍ധ സെഞ്ച്വറികളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 1074 ബൗണ്ടറികളും 371 സിക്‌സറുകളുമാണ് ടി-20യില്‍ വിരാടിന്റെ സമ്പാദ്യം.

ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ദേശീയ ടീമിനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും ആഭ്യന്തര തലത്തില്‍ ദല്‍ഹിക്കുമടക്കം നാല് ടീമുകള്‍ക്ക് വേണ്ടി മാത്രമാണ് വിരാട് ബാറ്റേന്തിയിട്ടുള്ളത്.

ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ 32 ടീമുകള്‍ക്കായും രണ്ടാം സ്ഥാനത്തുള്ള ഷോയ്ബ് മാലിക് 28 ടീമുകള്‍ക്ക് വേണ്ടി ബാറ്റേന്തിയിട്ടുണ്ട് എന്ന വ്യക്തമാകുമ്പോഴാണ് വിരാടിന്റെ ഇന്നിങ്‌സുകള്‍ക്ക് പ്രസക്തിയേറുന്നത്. ഒരുപക്ഷേ വിരാട് മറ്റ് ടി-20 ലീഗുകളിലും കളിച്ചിരുന്നെങ്കില്‍ ഈ നേട്ടം ഏറെ നാളുകള്‍ക്ക് മുമ്പ് തന്നെ ഇന്ത്യന്‍ ലെജന്‍ഡിന്റെ പേരില്‍ കുറിക്കപ്പെടുമായിരുന്നു.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – റണ്‍സ് എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 14,562

ഷോയ്ബ് മാലിക് – 13,010

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 12,454

വിരാട് കോഹ്‌ലി – 11,994

അലക്‌സ് ഹെയ്ല്‍സ് – 11,818

ഡേവിഡ് വാര്‍ണര്‍ – 11,746

ആരോണ്‍ ഫിഞ്ച് – 11,454

രോഹിത് ശര്‍മ – 11,156

ഇനി വിരാട് കോഹ്‌ലി ടി-20 ഫോര്‍മാറ്റില്‍ കളിക്കുക ഐ.പി.എല്ലിലാണെന്നതിനാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ജേഴ്‌സിയിലാകും വിരാട് ഈ നേട്ടം സ്വന്തമാക്കുക. ആറ് റണ്‍സ് കൂടി തന്റെ പേരില്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ 12,000 ടി-20 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും വിരാടിന് സ്വന്തമാക്കാം.

ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും വിരാടിനെ തേടിയെത്തും ടി-20 ഫോര്‍മാറ്റില്‍ 12,000 റണ്‍സും അന്താരാഷ്ട്ര ടി-20യില്‍ 4,000 റണ്‍സും നേടുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന നേട്ടമാകും വിരാടിന്റെ പേരില്‍ കുറിക്കപ്പെടുക.

മാര്‍ച്ച് 22ന് 2024ലെ ഐ.പി.എല്ലിന് നാന്ദി കുറിക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlight: Virat Kohli need 6 runs to complete 12,000 T20 runs

We use cookies to give you the best possible experience. Learn more