നിര്‍ണായക നാഴികക്കല്ലിലെത്താന്‍ കോഹ്‌ലിക്ക് വേണ്ടത് വെറും ആറ് റണ്‍സ്; ചെന്നൈയെ തകര്‍ക്കാന്‍ വിരാടും പിള്ളേരും റെഡി
Sports News
നിര്‍ണായക നാഴികക്കല്ലിലെത്താന്‍ കോഹ്‌ലിക്ക് വേണ്ടത് വെറും ആറ് റണ്‍സ്; ചെന്നൈയെ തകര്‍ക്കാന്‍ വിരാടും പിള്ളേരും റെഡി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd March 2024, 12:23 pm

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഐ.പി.എല്‍ മാമാങ്കത്തിന് മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആദ്യ മത്സരത്തില്‍ റിതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടുമ്പോള്‍ അതിരുകടന്ന ആവേശത്തിലാണ് ആരാധകര്‍. മത്സരം ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ് നടക്കുന്നത്.

ചെന്നൈ ആരാധകരെ സംബന്ധിച്ചിടത്തോളം 16 വര്‍ഷം ടീമിനെ നയിച്ച എം.എസ്. ധോണി തന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. ഫ്രാഞ്ചൈസിയുടെ പുതിയ ക്യാപ്റ്റ്ന്‍ റിതുരാജ് ഗെയ്ക്വാദാണ്. അതിനുപരി ധോണിയുടെ അവസാന ഐ.പി.എല്ലാണ് 2024ലേതെന്ന് വ്യക്തമായ സൂചനകളുണ്ട്. പക്ഷെ ധോണി ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളും ഇത് വ്യക്തമാക്കുന്നു.

എന്നാല്‍ ഈ മത്സരത്തില്‍ ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ചെന്നൈയ്ക്കെതിരെ വെറും നാല് റണ്‍സ് നേടാന്‍ സാധിച്ചാല്‍ കോഹ്‌ലിക്ക് ടി-20 ഫോര്‍മാറ്റില്‍ 12000 റണ്‍സ് തികക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ടി-20 ഫോര്‍മാറ്റില്‍ ഉടനീളം താരം 11994 റണ്‍സാണ് നേടിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 237 മത്സരങ്ങളില്‍ നിന്ന് ഏഴ് സെഞ്ച്വറികളും 50 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 7263 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്.

ഉദ്ഘാടനമത്സരം നടക്കുന്ന ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ 12 ഐ.പി.എല്‍ മത്സരങ്ങളാണ് കോഹ്ലി കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് അര്‍ധസെഞ്ചറികള്‍ ഉള്‍പ്പെടെ 362 റണ്‍സാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ നേടിയത്.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഐ.പി.എല്‍ ചരിത്രത്തില്‍ 30 മത്സരങ്ങളില്‍ നിന്നും 985 റണ്‍സാണ് കോഹ്‌ലി നേടിയിട്ടുള്ളത്.

 

Content highlight: Virat Kohli Need 6 Runs For Record Achievement