| Sunday, 1st December 2024, 3:35 pm

നേടാന്‍ ബുദ്ധിമുട്ടാണ്, പക്ഷേ വിരാടിന്റെ കാര്യമായതുകൊണ്ട് ഒന്നും പറയാനും പറ്റില്ല; ചരിത്ര നേട്ടത്തിലേക്ക് കിങ് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഡിംസബര്‍ ആറ് മുതല്‍ പത്ത് വരെ അഡ്‌ലെയ്ഡിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിതരിക്കുന്നത്.

പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ വിരാട് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പരാജയപ്പെട്ട താരം രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. 143 പന്തില്‍ പുറത്താകാതെ 100 റണ്‍സാണ് വിരാട് പെര്‍ത്തില്‍ സ്വന്തമാക്കിയത്.

ടെസ്റ്റ് കരിയറിലെ 30ാം സെഞ്ച്വറിയാണ് വിരാട് സ്വന്തമാക്കിയത്. ഇതോടെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഐതിഹാസിക നേട്ടം മറികടക്കാനും വിരാടിന് സാധിച്ചു.

ഈ പരമ്പരയില്‍ മറ്റു ചില റെക്കോഡുകളും വിരാടിനെ കാത്തിരിക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന വിസിറ്റിങ് ബാറ്റര്‍ എന്ന നേട്ടമാണ് വിരാടിനെ കാത്തിരിക്കുന്നത്. ഇതിന് വേണ്ടതാകട്ടെ മൂന്ന് സെഞ്ച്വറിയും.

നിലവില്‍ ഏഴ് സെഞ്ച്വറിയടിച്ച വിരാട് ഈ റെക്കോഡ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ടിന്റെ ജാക്ക് ഹോബ്‌സാണ് ഒന്നാമതുള്ളത്. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറി നേടിയാല്‍ ഹോബ്‌സിനൊപ്പമെത്താനും മറ്റൊന്നുകൂടി നേടിയാല്‍ ഹോബ്‌സിനെ മറികടക്കാനും വിരാടിന് അവസരമൊരുങ്ങും.

ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന വിസിറ്റിങ് ബാറ്റര്‍

(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ജാക്ക് ഹോബ്‌സ് – ഇംഗ്ലണ്ട് – 9

വാലി ഹാമ്മണ്ട് – ഇംഗ്ലണ്ട് – 7

വിരാട് കോഹ്‌ലി – ഇന്ത്യ – 7*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 6

ഹെര്‍ബര്‍ട്ട് സട്ട്ക്ലിഫ് – ഇംഗ്ലണ്ട് – 6

അതേസമയം, അഡ്‌ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 102 റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ അഡ്‌ലെയ്ഡില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന വിസിറ്റിങ് ബാറ്റര്‍ എന്ന നേട്ടമാണ് വിരാടിന് മുമ്പിലുള്ളത്. അങ്ങനെ സംഭവിച്ചാല്‍ ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ റെക്കോഡാണ് തകര്‍ന്നുവീഴുക.

അഡ്‌ലെയ്ഡില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വിസിറ്റിങ് ബാറ്റര്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 610

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 552

വിരാട് കോഹ്‌ലി – ഇന്ത്യ – 509

വാലി ഹാമ്മണ്ട് – ഇംഗ്ലണ്ട് – 482

ലിയോനാര്‍ഡ് ഹട്ടണ്‍ – ഇംഗ്ലണ്ട് – 456

വരും മത്സരങ്ങളിലും വിരാട് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഈ റെക്കോഡുകള്‍ സ്വന്തമാക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Virat Kohli need 3 centuries to become the visiting batter wit most centuries in Australia

We use cookies to give you the best possible experience. Learn more