ഇന്ത്യ- ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്ക് ആരംഭം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഇതിന് മുമ്പ് നടന്ന ടി-20 പരമ്പര 3-0ത്തിന്റെ സര്‍വാധിപത്യത്തോടെ സ്വന്തമാക്കിയ ആത്മവിശ്വാസവുമായിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
ശ്രീലങ്കക്കെതിരെയുള്ള ഈ പരമ്പരയില്‍ ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. 152 റണ്‍സ് കൂടി നേടാന്‍ കോഹ്‌ലിക്ക് സാധിച്ചാല്‍ ഏകദിനത്തില്‍ 14,000 റണ്‍സ് എന്ന നാഴികക്കല്ലിലേക്കായിരിക്കും വിരാട് നടന്നുകയറുക.
ഇതോടെ ഏകദിനത്തില്‍ 14,000 റണ്‍സ് നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ താരമായി മാറാനും വിരാടിന് സാധിക്കും. ഇതിനുമുമ്പ് ഏകദിനത്തില്‍ 14,000 റണ്‍സ് പിന്നിട്ടത് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുമാണ്.
എന്നാല്‍ ഇപ്പോള്‍ ഇവരെയെല്ലാം മറികടന്നുകൊണ്ട് മറ്റൊരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും കോഹ്‌ലിക്ക് സുവര്‍ണാവസരമാണ് മുന്നിലെത്തിനില്‍ക്കുന്നത്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് നേടുന്ന താരമായി മാറാനും കോഹ്‌ലിക്ക് സാധിക്കും.
സച്ചിന്‍ 2006ല്‍ 350 ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ സംഗക്കാര 2015ല്‍ 378 ഇന്നിങ്‌സുകളില്‍ നിന്നും 14,000 റണ്‍സ് എന്ന കടമ്പ പിന്നിട്ടു. കോഹ്‌ലി നിലവില്‍ 282 ഇന്നിങ്‌സില്‍ നിന്നും 13848 റണ്‍സാണ് നേടിയത്. അതുകൊണ്ട് തന്നെ 152 റണ്‍സ് കൂടി നേടിയാല്‍ ലങ്കന്‍ മണ്ണില്‍ പുതുചരിത്രമെഴുതാന്‍ വിരാടിന് സാധിക്കും.
അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് ശേഷം കോഹ്‌ലി ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
2023 ഐ.സി.സി ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു കോഹ്‌ലി അവസാനമായി ഇന്ത്യക്കുവേണ്ടി ഏകദിനത്തില്‍ കളിച്ചത്. നീണ്ട കാലങ്ങള്‍ക്ക് ശേഷം വീണ്ടും വിരാട് ഏകദിനത്തില്‍ ഇറങ്ങുമ്പോള്‍ താരത്തിന്റെ ബാറ്റില്‍ നിന്നും റണ്ണൊഴുകും എന്നുതന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Virat Kohli Need 152 Runs to Reach 14,000 Runs In Odi