ഐ.പി.എല്ലില്‍ മാത്രമല്ല ടി-20യിലും ചരിത്രം കുറിക്കാന്‍ വിരാടിന് വേണ്ടത് വെറും 132 റണ്‍സ്
Sports News
ഐ.പി.എല്ലില്‍ മാത്രമല്ല ടി-20യിലും ചരിത്രം കുറിക്കാന്‍ വിരാടിന് വേണ്ടത് വെറും 132 റണ്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd April 2024, 7:37 pm

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സും തമ്മിലുള്ള മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടങ്ങിക്കഴിഞ്ഞു. ടോസ് നേടിയ ആര്‍.സി.ബി ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.

നിലവില്‍ 181 റണ്‍സ് നേടി രാജസ്ഥാന്റെ റിയാന്‍ പരാഗിനും ബെംഗളൂരുവിന്റെ വിരാട് കോഹ്‌ലിക്കുമാണ് ഓറഞ്ച് ക്യാപ്പ്. എന്നാല്‍ അതിനേക്കാള്‍ വലിയ ഒരു നേട്ടമാണ് വിരാടിനെ കാത്തിരിക്കുന്നത്. വെറും 132 റണ്‍സ് മാത്രം നേടിയാല്‍ ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഒരു താരത്തിനും നേടാന്‍ സാധിക്കാത്ത തകര്‍പ്പന്‍ റെക്കോഡ് ആണ് വിരാടിന്റെ പേരില്‍ കുറിക്കുക. ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 8000 റണ്‍സ് തികക്കുന്ന ഏക താരം ആകാനാണ് വിരാടിന് സാധിക്കുക.

സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈക്ക് എതിരെ 21 റണ്‍സ് മാത്രമായിരുന്നു വിരാടിന് നേടാന്‍ സാധിച്ചത്. എന്നാല്‍ പഞ്ചാബിനെതിരെ 77 റണ്‍സ് നേടി ടീമിന്റെ വിജയശില്‍പ്പി ആവാന്‍ വിരാടിന് സാധിച്ചു. എന്നാല്‍ കൊല്‍ക്കത്തക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ വിരാട് 83 റണ്‍സ് നേടി പുറത്താകാതെ നിന്നെങ്കിലും ടീമിന് വിജയിക്കാന്‍ സാധിച്ചില്ല.

ഐ.പി.എല്ലില്‍ മാത്രമല്ല ടി20 ചരിത്രത്തില്‍ പോലും ആദ്യമായാണ് ഒരു താരം ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി എട്ടായിരം റണ്‍സ് നേടാന്‍ ഒരുങ്ങുന്നത്. ആര്‍.സി.ബി ക്കുവേണ്ടി 255 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്നും 7868 റണ്‍സ് ആണ് താരം നേടിയത്.

 

Content Highlight: Virat Kohli Need 132 Runs For New Record