അടുത്ത കാലത്തായി മോശം ഫോമിനും സ്ഥിരതയില്ലാത്ത പ്രകടനത്തിനുമായി വിമര്‍ശകരുടെ കൂരമ്പുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് വിരാട് കോഹ്‌ലി.
ഫാബ് ഫോറില്‍ തുടരുമ്പോഴും മോശം പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇതിന് പിന്നാലെ പലതവണ താരം തലതാഴ്ത്തി നില്‍ക്കേണ്ടി വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ താരത്തെ തേടി ഒരു ദുഃഖവാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. 2,053 ദിവസത്തിന് ശേഷം ലോക ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ പത്തില്‍ നിന്നും പുറത്തായിരിക്കുകയാണ് കോഹ്‌ലി.
നാല് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് നിലവില്‍ 13ാം സ്ഥാനത്താണ് വിരാട്. 714 റേറ്റിങ്ങ് പോയിന്റാണ് താരത്തിനുള്ളത്. 2018ലാണ് താരം തന്റെ കരിയര്‍ ബെസ്റ്റ് പുറത്തെടുത്തിട്ടുള്ളത്. അന്ന് 937 ആയിരുന്നു താരത്തിന്റെ റേറ്റിങ്. ഇത്തവണ പോയിന്റ് ടേബിളില്‍ ഒന്നാമതുള്ള ജോ റൂട്ടിനെക്കാള്‍ കൂടുതലായിരുന്നു അത്.
മുന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് പട്ടികയിലെ ഒന്നാമന്‍. 923 എന്ന റേറ്റിങ്ങാണ് താരത്തിനുള്ളത്. ഇപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന പരമ്പരയിലെ പ്രകടനമാണ് താരത്തിന്റെ കരിയര്‍ ബെസ്റ്റ് റേറ്റിങ് നേടിക്കൊടുത്തത്.
രണ്ടും മൂന്നും സ്ഥാനത്ത് ഓസീസ് താരങ്ങളാണ്. 879 റേറ്റിങ് പോയിന്റുമായി മാര്‍കസ് ലബുഷാന്‍ രണ്ടാമതും 826 പോയിന്റുമായി സ്റ്റീവ് സ്മിത്ത് മൂന്നാമതുമാണ്.
അഞ്ചാം സ്ഥാനത്തുള്ള റിഷബ് പന്താണ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്‍. 801 ആണ് താരത്തിന്റെ റേറ്റിങ്. പന്തിന് പുറമെ രോഹിത് ശര്‍മയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം. 746 ആണ് രോഹിത്തിന് ലഭിച്ചിട്ടുള്ളത്.
ഫാബ് ഫോറിലെ നാലില്‍ മൂന്ന് താരങ്ങളും ആദ്യ പത്തില്‍ ഇടം നേടിയപ്പോള്‍ വിരാട് മാത്രമാണ് പട്ടികയില്‍ നിന്നും പുറത്തായത്.