|

ഇതെന്ത് പണിയാടോ കാണിക്കുന്നത്, നിങ്ങള്‍ പറയും പോലെ എല്ലാം ചെയ്യാന്‍ പറ്റുമോ; അമ്പയറോട് കലിപ്പായി കോഹ്‌ലി; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ സന്ദര്‍ശകര്‍ക്ക് അപ്പര്‍ഹാന്‍ഡ് നല്‍കിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കും സമാനമായ അനുഭവം തന്നെയായിരുന്നു. പൂജാരയും വിഹാരിയും കോഹ്‌ലിയും അടങ്ങുന്ന മുന്‍നിര പതറിയപ്പോള്‍ മധ്യനിരയില്‍ റിഷബ് പന്തും രവീന്ദ്ര ജഡേജയും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയ്ക്ക് തുണയായത്.

വാലറ്റത്ത് ക്യാപ്റ്റന്‍ ബുംറയും കത്തിക്കയറിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 400 കടന്നു. ഒടുവില്‍ ടീം സ്‌കോര്‍ 416ല്‍ നില്‍ക്കവെയാണ് ഇന്ത്യയുടെ അവസാന വിക്കറ്റും വീഴുന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനും കാര്യങ്ങള്‍ പന്തിയായിരുന്നില്ല. ബുംറയും ഷമിയും ആദ്യ ഓവറുകളില്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയപ്പോള്‍ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ താളം കണ്ടെത്താനാവാതെ പതറുകയായിരുന്നു.

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ നാലാം ഓവറില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. ബൗള്‍ ചെയ്യാനെത്തിയ ഷമിയെ ഡെലിവറിയുടെ ഇടയില്‍ അമ്പയര്‍ അലീം ദാര്‍ വിലക്കിയതും, ഇതിനെതിരെ വിരാട് അമ്പയറോട് കലിപ്പാകുന്നതുമാണ് ചര്‍ച്ചയാവുന്നത്.

നാലാം ഓവറിലെ ആദ്യ പന്ത് എറിയാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ദാര്‍ ബൗളിങ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. റണ്ണപ്പുമായി ക്രീസിലേക്ക് താരം ഓടിയെത്തിയപ്പോഴായിരുന്നു ദാറിന്റെ നിര്‍ദേശം. എന്നാല്‍ അപ്പോഴേക്കും താരം ബോള്‍ റിലീസ് ചെയ്തിരുന്നു. അപ്പോള്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന സാക്ക് ക്രോളി വിക്കറ്റിന് മുമ്പില്‍ നിന്നും മാറുകയും അമ്പയറിന്റെ നിര്‍ദേശം ഷമിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

ആകാശത്ത് കാര്‍മേഘം വന്ന് മൂടിയതിനാല്‍ കളി അവസാനിപ്പിക്കാന്‍ ദാറിന് നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഷമി പന്തെറിയുന്നതിന് തൊട്ടുമുമ്പാണ് ദാര്‍ കളി അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.

ഇത് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോഹ്‌ലിയെ ചൊടിപ്പിക്കുകയായിരുന്നു. കളി നിര്‍ത്തി തിരികെ മടങ്ങുമ്പോള്‍ ഷമിയെ തടയാന്‍ അവസാന നിമിഷം വരെ കാത്തിരുന്നത് എന്തിനാണെന്നും കോഹ്‌ലി ദാറിനോട് ചോദിച്ചിരുന്നു.

‘ബോള്‍ കേ ബീച്ച് മേ കൈസേ ബോല്‍ സക്താ ഹേ?’ (പന്തെറിയുന്നതിനിടെ എങ്ങനെയാണിത് പറയാന്‍ കഴിയുക) എന്നായിരുന്നു വിരാട് പാകിസ്ഥാനില്‍ നിന്നുള്ള ഒഫീഷ്യലായ ദാറിനോട് ഹിന്ദിയില്‍ ചോദിച്ചത്.

അതേസമയം, 27 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 84 റണ്‍സിന് അഞ്ച് എന്ന നിലയിലാണ്. അലക്‌സ് ലീച്ച് (6), സാക്ക് ക്രോളി (9), ഒലി പോപ് (10) അപകടകാരിയായ ജോ റൂട്ട് (31) ജാക്ക് ലീച്ച് (0) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

ആദ്യ മൂന്ന് പേരുടെയും വിക്കറ്റ് ക്യാപ്റ്റന്‍ ബുംറ സ്വന്തമാക്കിയപ്പോള്‍ ജോ റൂട്ടിനെ മടക്കി സിരാജാണ് ഇന്ത്യക്ക് അവശ്യമായ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ലീച്ചിനെ ഷമിയും മടക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി.

നിലവില്‍ ജോണി ബെയര്‍സ്‌റ്റോയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടണമെങ്കില്‍ ഇംഗ്ലണ്ടിന് ഇനിയും 332 റണ്‍സ് കൂടി വേണം.

Content highlight:  Virat Kohli miffed with umpire Aleem Dar for interrupting play in the middle

Video Stories