'നിരാശയുണ്ട്, പക്ഷേ അവര്‍ നന്നായി കളിച്ചു' എഫ്.സി ഗോവയ്ക്കും പരിശീലകനും അഭിനന്ദനങ്ങളുമായി വിരാട് കോഹ്‌ലി
ISL
'നിരാശയുണ്ട്, പക്ഷേ അവര്‍ നന്നായി കളിച്ചു' എഫ്.സി ഗോവയ്ക്കും പരിശീലകനും അഭിനന്ദനങ്ങളുമായി വിരാട് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th March 2018, 2:59 pm

ന്യൂദല്‍ഹി: ഐ.എസ്.എല്‍ നാലാം സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടീമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള എഫ്.സി ഗോവ. ടൂര്‍ണ്ണമെന്റില്‍ സ്ഥിരത പുലര്‍ത്തിയ ടീം സെമി ഫൈനലില്‍ ചെന്നൈ എഫ.സിയോട് പരാജയപ്പെട്ടാണ് പുറത്തായത്. ഇരുപാദങ്ങളിലായി നടന്ന മത്സരത്തില്‍ 4-1 എന്ന സ്‌കോറിനാണ് ഗോവ ചെന്നൈയോട് പരാജയപ്പെട്ടത്.

ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ കാണാതെ പുറത്തായ തന്റെ ടീമി ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലി. സെമിയില്‍ തോറ്റത് തന്നെ നിരാശനാക്കിയെന്നും എങ്കിലും ടീം മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് ശേഷമാണ് തോല്‍വി വഴങ്ങിയതെന്നും പരിശീലകന്‍ സെര്‍ജിയോയും താരങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നുമെന്നുമാണ് കോഹ്‌ലി പ്രതികരിച്ചത്.


Also Read: ‘ഇനി കളി മാറും’; ഇന്ത്യന്‍ ഫുട്‌ബോളിലെ ‘യുവരാജാവ്’ ബ്ലാസ്‌റ്റേഴ്‌സിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍


ട്വിറ്ററിലൂടെയാണ് വിരാട് കോഹ്‌ലിയുടെ ആശംസ. ഗോവയില്‍ നടന്ന ആദ്യ പാദ സെമിയില്‍ 1- 1 ന്റെ തുല്ല്യത പാലിച്ച ഗോവ ചെന്നൈയില്‍ നടന്ന രണ്ടാം പാദ സെമി പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. സൂപ്പര്‍ താരം ജെജെ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ധനപാല്‍ ഗണേഷാണ് ചെന്നൈയിനായി മൂന്നാം ഗോള്‍ നേടിയത്.

പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള ടീമുകളെ പിന്തള്ളിയായിരുന്നു ഗോവ സെമിയിലേക്ക് കുതിച്ചത്. കേരളത്തിന്റെയും ജംഷദ്പൂരിന്റെയും സെമി സാധ്യതകളെ മറികടന്നായിരുന്നു ഗോവന്‍ മുന്നേറ്റം.

ഐ.എസ്.എല്‍ നാലാം സീസണിന്റെ കലാശപ്പോരാട്ടം 17 ന് ശനിയാഴ്ചയാണ്. ഫൈനലില്‍ ബെംഗളൂരു എഫ്.സിചെന്നൈയിന്‍ എഫ്സിയുമായാണ് ഏറ്റുമുട്ടുക.