ഐ.പി.എല്‍ 2023ലെ ഏഴ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഏഴ് മത്സരങ്ങളില്‍ നാല് വിജയവും മൂന്ന് തോല്‍വിയുമായി എട്ട് പോയിന്റാണ് ആര്‍.സി.ബിക്കുള്ളത്. എന്നാല്‍ ബുധനാഴ്ച സീസണിലെ തങ്ങളുടെ എട്ടാം മത്സരത്തിനിറങ്ങുന്ന ആര്‍.സി.ബി ജയത്തോടൊപ്പം മറ്റൊരു വെല്ലുവിളിയും നേരിടുന്നുണ്ട്.
ഇതിനോടകം കളിച്ച ഏഴ് മത്സരങ്ങളില്‍ അവസാനത്തെ രണ്ട് കളിയിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴയൊടുക്കേണ്ടി വന്ന ടീമിന് ഇന്നത്തെ മത്സരത്തിലും പണി കിട്ടുമോയെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
ഇനിയെങ്ങാനും പിഴ കിട്ടിയാല്‍ അത് ടീമിന് വലിയ തിരിച്ചടിയാവാനാണ് സാധ്യത. ഐ.പി.എല്ലിന്റെ നിയമാവലിയനുസരിച്ച് മൂന്ന് മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടാല്‍ ടീമിന്റെ ക്യാപ്റ്റനെ ഒരു മത്സരത്തില്‍ വിലക്കാം.
അങ്ങനെയെങ്കില്‍ ബുധനാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടുള്ള മത്സരം നിശ്ചിത സമയത്ത് തീര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ ക്യാപ്റ്റന്‍ കോഹ്‌ലി അടുത്ത മത്സരത്തില്‍ കരക്കിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പരിക്ക് മൂലം ഫാഫ് ഡുപ്ലെസിസ് ഇന്നത്തെ മത്സരത്തിലും ക്യാപ്റ്റന്റെ തൊപ്പി അണിയില്ലെന്ന് ഏറെക്കുറെ തീരുമാനമായ സ്ഥിതിക്ക് കോഹ്‌ലിയായിരിക്കും ടീമിനെ നയിക്കുന്നത്.
ഇതിന് മുമ്പ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി നടന്ന മത്സരത്തിലാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ആര്‍.സി.ബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിന് ഐ.പി.എല്‍ മാനേജ്‌മെന്റ് 12 ലക്ഷം പിഴ ചുമത്തിയത്. പിന്നീട് ഞായാറാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ ടീമിനെ നയിച്ച വിരാട് കോഹ്‌ലിക്കും കിട്ടി പിഴ. 24 ലക്ഷം രൂപ പിഴയാണ് ആ മത്സരത്തില്‍ ചുമത്തിയത്.
രണ്ടാം തവണയും നിയമം ലംഘിച്ചത് കൊണ്ട് തന്നെ കോഹ്ലിയെ കൂടാതെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കളിച്ച ആര്‍.സി.ബി താരങ്ങള്‍ക്കെല്ലാവര്‍ക്കും ആറ് ലക്ഷം രൂപയോ/ മാച്ച് ഫീയുടെ 25 ശതമാനം തുകയോ(ഏതാണോ കുറവ് അത്) പിഴയൊടുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
ഇനി കൊല്‍ക്കത്തക്കെതിരായ മത്സരത്തിലും 90 മിനുട്ടില്‍ ബോളെറിഞ്ഞ് തീര്‍ക്കാന്‍ ആര്‍.സി.ബിക്ക് സാധിച്ചില്ലെങ്കില്‍ ഇത്തവണ ക്യാപ്റ്റന് 30 ലക്ഷം പിഴയും ഒരു മത്സരത്തില്‍ വിലക്കും കിട്ടും. അങ്ങനെയൊരു വിധി ടീമിനുണ്ടാവാതിരിക്കട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.
ഐ.പി.എല്‍ മത്സരങ്ങള്‍ മൂന്ന് മണിക്കൂറും 20 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ സ്ലോ ഓവര്‍ നിരക്ക് കാരണം നാല് മണിക്കൂര്‍ വരെ പിന്നിട്ട നിരവധി ഗെയിമുകള്‍ 2023 സീസണില്‍ ഉണ്ടായിട്ടുണ്ട്.
Content Highlight: virat kohli may get ban from one match in ipl