വിരാട് കോഹ്‌ലി പുറത്ത്; സഞ്ജുവും ഹര്‍ദിക്കും ഇന്ത്യന്‍ ടീമിലേക്ക്
Sports News
വിരാട് കോഹ്‌ലി പുറത്ത്; സഞ്ജുവും ഹര്‍ദിക്കും ഇന്ത്യന്‍ ടീമിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th May 2022, 4:36 pm

ഐ.പി.എല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലെ ഇന്ത്യന്‍ ടീമില്‍ നിന്നും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെ മാറ്റി നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തന്നെ നടക്കാനിരിക്കുന്ന ടി -20 ലോകകപ്പിന് മുന്നോടിയായി താരത്തിന് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പുറമെ അയര്‍ലാന്‍ഡുമായുള്ള മത്സരത്തില്‍ നിന്നും താരത്തെ മാറ്റി നിര്‍ത്തിയേക്കും. അയര്‍ലാന്‍ഡിനെതിരെ കളിക്കുന്നത് ഇന്ത്യയുടെ ബി ടീം ആവാനും സാധ്യതയുണ്ട്.

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ അഞ്ചും ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തില്‍ രണ്ടും മത്സരങ്ങളാണുള്ളത്. വിരാടിന് പുറമെ രോഹിത് ശര്‍മയ്ക്കും പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്.

ഐ.പി.എല്‍ മത്സരങ്ങള്‍ അവസാനിച്ച് 11 ദിവസത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം.

‘ജൂണ്‍ അഞ്ച് മുതല്‍ ജൂണ്‍ 19 വരെ അഞ്ച് നഗരങ്ങളിലായി അഞ്ച് ടി-20 മത്സരങ്ങളാണ് നടക്കാനുള്ളത്. എല്ലാ താരങ്ങളും മത്സരത്തിന്റെ ഭാഗമാവില്ല.

ചില താരങ്ങള്‍ക്ക് എല്ലാ മത്സരത്തില്‍ നിന്നും ചില താരങ്ങള്‍ക്ക് ചില മത്സരത്തില്‍ നിന്നും വിശ്രമം അനുവദിച്ചേക്കാം. താരങ്ങള്‍ക്ക് മതിയായ വിശ്രമം നല്‍കിയില്ലെങ്കില്‍ അത് അവരുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. കോച്ചിനോട് സംസാരിച്ച ശേഷമായിരിക്കും സെലക്ടര്‍മാര്‍ താരങ്ങള്‍ക്ക് എത്രത്തോളം സമയം വിശ്രമം ആവശ്യമുണ്ടെന്ന് തീര്‍പ്പാക്കുക,’ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അഞ്ച് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലുള്ളത്. ദല്‍ഹി, കട്ടക്ക്, വിശാഖ്, രാജ്കോട്ട്, ബെംഗളൂരു എന്നിവിടങ്ങളിലായാണ് മത്സരം നടക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനം നടത്തുന്ന ഹര്‍ദിക് എത്തുന്നതോടെ മധ്യനിര ശക്തമാവുമെന്നാണ് വിലയിരുത്തല്‍.

ഹര്‍ദിക്കിന് പുറമെ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെടിക്കെട്ട് താരം പൃഥ്വി ഷായും ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്.

ഇവരെക്കൂടാതെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരമായ സഞ്ജു സാംസണ്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണര്‍ അഭിഷേക് ശര്‍മ, വെടിക്കെട്ട് പേസര്‍ ഉമ്രാന്‍ മാലിക് എന്നിവരെയും ദക്ഷിണാഫ്രിക്ക – അയര്‍ലാന്‍ഡ് പര്യടനത്തില്‍ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

Content Highlight: Virat Kohli likely to drop from Indian Team against South Africa, Hardik Pandya, Prithvi Shaw and Sanju Samson has chance to get into the team