വിരാടവിജയം; തോറ്റിടത്ത് നിന്നും ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
Sports News
വിരാടവിജയം; തോറ്റിടത്ത് നിന്നും ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd October 2022, 5:40 pm

ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വിജയം. തോല്‍വിയുറപ്പിച്ചിടത്ത് നിന്നുമാണ് ഇന്ത്യ വിജയത്തിലേക്ക് കുതിച്ച് കയറിയത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ മറികടന്നായിരുന്നു ഇന്ത്യ വിജയം കുറിച്ചത്.

ഇന്ത്യന്‍ ടീമിന്റെ മുന്‍ നിര താരങ്ങളെല്ലാം തന്നെ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ ഇന്ത്യയുടെ വിജയനായകനായത് മുന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു.

ബാറ്റിങ്ങിനിറങ്ങിയ നിമിഷത്തില്‍ അല്‍പം മങ്ങിയിരുന്നെങ്കിലും തുടര്‍ന്നങ്ങോട്ട് വിരാടിന്റെ സംഹാര താണ്ഡവത്തിനായിരുന്നു മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്. 53 പന്തില്‍ നിന്നും പുറത്താവാതെ 82 റണ്‍സായിരുന്നു വിരാട് നേടിയത്.

ഹര്‍ദിക് പാണ്ഡ്യക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വിരാട് ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചു. അവസാന ഒമ്പത് പന്തില്‍ നിന്നും 27 റണ്‍സ് വേണമെന്നിരിക്കെ വിരാടിന്റെ വെടിക്കെട്ടായിരുന്നു മെല്‍ബണില്‍ കണ്ടത്.

ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സര്‍ പറന്നപ്പോള്‍ 19ാം ഓവര്‍ എറിഞ്ഞ ഹാരിസ് റൗഫിന് തലയില്‍ കൈവെക്കാനേ സാധിച്ചിരുന്നുള്ളൂ.

അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ, ആദ്യ പന്തില്‍ തന്നെ ഹര്‍ദിക് പാണ്ഡ്യയെ പുറത്താക്കി മുഹമ്മദ് നവാസ് പാകിസ്ഥാന് പ്രതീക്ഷ നല്‍കി. എന്നിരുന്നാലും വിരാട് ആഞ്ഞടിച്ചുകൊണ്ടേയിരുന്നു.

അവസാന രണ്ട് പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ദിനേഷ് കാര്‍ത്തിക്കും പുറത്തായതോടെ പാകിസ്ഥാന്‍ ക്യാമ്പിലും പ്രതീക്ഷയേറി.

ശേഷം പിറന്ന ഒരു വൈഡും അവസാന പന്തില്‍ അശ്വിന്‍ സിംഗിളും നേടിയതോടെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

അവസാന ഓവറില്‍ വഴങ്ങിയ എക്‌സ്ട്രാ റണ്ണുകളാണ് പാകിസ്ഥാനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.

തോറ്റു എന്ന് ഉറപ്പിച്ച നിമിഷത്തില്‍ നിന്നുമായിരുന്നു വിരാട് വീണ്ടും പഴയ ക്യാപ്റ്റനായത്. മാസങ്ങള്‍ക്ക് മുമ്പ് വിമര്‍ശനങ്ങളുടെ കൂരമ്പുകളേറ്റുവാങ്ങിയ വിരാട് തന്നെയായിരുന്നു പാകിസ്ഥാനെതിരായ റീ മാച്ചില്‍ ഇന്ത്യയുടെ വിജയത്തിന് കാരണമായത്.

 

Content Highlight: Virat Kohli leads India to victory in India vs Pakistan Melbourne T20