| Sunday, 30th June 2024, 5:58 pm

ചരിത്രത്തിലാദ്യം, സെമിയിലും ഫൈനലിലും; വിരാടിന്റെ ഈ പ്ലെയര്‍ ഓഫ് ദി മാച്ചിന് പ്രത്യേകതകളേറെ

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിട്ടാണ് ഇന്ത്യ ടി-20 ലോകകപ്പ് കിരീടം ചൂടിയത്. ഗ്രൂപ്പ് ഘട്ടം മുതല്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയതും കപ്പുയര്‍ത്തിയതും.

ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ വിജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കുയര്‍ന്നത്. ലോകകപ്പില്‍ ഇതുവരെ പരാജയമായിരുന്ന വിരാട് ഫൈനലില്‍ തന്റെ ക്ലാസ് പുറത്തെടുക്കുകയായിരുന്നു. 59പന്തില്‍ 76 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്.

ഈ പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും വിരാട് കോഹ്‌ലിയെ തന്നെയായിരുന്നു.

2024 ടി-20 ലോകകപ്പ് ഫൈനലിന്റെ താരമായതോടെ ഒരു ചരിത്ര നേട്ടമാണ് വിരാടിനെ തേടിയെത്തിയത്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ സെമി ഫൈനലിലും ഫൈനലിലും കളിയിലെ താരമായ ആദ്യ ക്രിക്കറ്റര്‍ എന്ന ഐതിഹാസിക നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.

2024ന് മുമ്പ് ഇന്ത്യ അവസാനമായി ഫൈനലില്‍ പ്രവേശിച്ച 2014 ടി-20 ലോകകപ്പിലായിരുന്നു വിരാട് സെമി ഫൈനലിന്റെ താരമായത്. അന്നും എതിരാളികള്‍ സൗത്ത് ആഫ്രിക്കയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പ്രോട്ടിയാസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ ഫാഫ് ഡു പ്ലെസിയുടെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക മികച്ച സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റും അഞ്ച് പന്തും ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെ കരുത്തിലാണ് ഇന്ത്യ സെമി ഫൈനല്‍ സ്വന്തമാക്കിയത്.

44 പന്ത് നേരിട്ട് പുറത്താകാതെ 72 റണ്‍സാണ് വിരാട് നേടിയത്. അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഈ വിജയത്തിന് പിന്നാലെ ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയെങ്കിലും ഫൈനലില്‍ ശ്രീലങ്കയോട് പരാജയപ്പെടുകയായിരുന്നു.

ഫൈനലിലും വിരാട് മികച്ച പ്രകടനം പുറത്തെടുത്തു. താരം അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യക്ക് 130 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. 58 പന്തില്‍ 77 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഇതിഹാസ താരം കുമാര്‍ സംഗക്കാരയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ കിരീടം സ്വന്തമാക്കുകയായിരുന്നു.

Content highlight: Virat Kohli is the only player to win POTM in both Semi Final and Final of ICC T20 World Cup

We use cookies to give you the best possible experience. Learn more