| Friday, 26th January 2024, 9:12 am

പത്ത് ഐ.സി.സി പുരസ്‌കാരം, ചരിത്രത്തിലെ ഏക താരം; കാലമേ പിറക്കുമോ ഇതുപോലെ ഒരു ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ശേഷിക്കുന്ന ഐ.സി.സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഐ.സി.സി എകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ഇതില്‍ പുരുഷ താരങ്ങളില്‍ വിരാട് കോഹ്‌ലി പോയ വര്‍ഷത്തെ മികച്ച ഏകദിന ക്രിക്കറ്ററായും ഉസ്മാന്‍ ഖവാജയെ ടെസ്റ്റ് ക്രിക്കറ്ററായും തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം കങ്കാരുക്കളെ ഇരട്ട കിരീടം ചൂടിച്ച ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

2023ലെ ഏറ്റവും മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഒരു ഐതിഹാസിക നേട്ടമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ തേടിയെത്തിയത്. പത്ത് ഐ.സി.സി പുരസ്‌കാരം നേടുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന നേട്ടമാണ് ഇന്ത്യന്‍ ലെജന്‍ഡ് തന്റെ പേരില്‍ കുറിച്ചത്.

2023ന് പുറമെ മറ്റ് മൂന്ന് തവണ കൂടി വിരാട് ഏറ്റവും മികച്ച ഏകദിന ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2012, 2017, 2018 വര്‍ഷങ്ങളിലായിരുന്നു വിരാടിന്റെ പകരം വെക്കാനില്ലാത്ത നേട്ടം പിറന്നത്.

ഐ.സി.സി ഒ.ഡി.ഐ ക്രിക്കറ്റര്‍ ഓഫ് ദി ഡെക്കേഡായും ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഡെക്കേഡായും തെരഞ്ഞെടുക്കപ്പെട്ട വിരാട് രണ്ട് തവണ ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് (2017ലും 2018ലും).

2018ലെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട വിരാട് 2019ലെ ഐ.സി.സി സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റായും തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമെ 2023 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും വിരാടിന് തന്നെയായിരുന്നു. മറ്റ് താരങ്ങള്‍ക്കൊന്നും അഞ്ച് വ്യക്തിഗത പുരസ്‌കാരം പോലും ഇല്ലാതിരിക്കുമ്പോഴാണ് വിരാട് പത്ത് ഐ.സി.സി പുരസ്‌കാരവുമായി തിളങ്ങുന്നത്.

ഇതിന് പുറമെ അഞ്ച് ബി.സി.സി.ഐ പുരസ്‌കാരങ്ങള്‍ തന്റെ പേരില്‍ കുറിച്ച വിരാട് മൂന്ന് ഐ.സി.സി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡുകളും 12 ഐ.സി.സി പ്ലെയര്‍ ഓഫ് ദി അവാര്‍ഡുകളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

2023ല്‍ ഏറ്റവുമധികം ഏകദിന റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ശുഭ്മന്‍ ഗില്ലിന് ശേഷം രണ്ടാം സ്ഥാനക്കാരനായാണ് വിരാട് ഫിനിഷ് ചെയ്തത്. 27 മത്സരത്തിലെ 24 ഇന്നിങ്‌സില്‍ നിന്നും 1,377 റണ്‍സാണ് വിരാട് നേടിയത്. 77.47 എന്ന ശരാശരിയിലും 99.13 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വിരാട് റണ്ണടിച്ചുകൂട്ടിയത്.

ആറ് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയുമാണ് 2023ല്‍ വിരാട് സ്വന്തമാക്കിയത്. പോയ വര്‍ഷം ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടിയ താരവും വിരാട് തന്നെ. ഇതിന് പുറമെ 2023 ലോകകപ്പിലെ ടോട്ടല്‍ ഡോമിനേഷനും വിരാടിന് ഐ.സി.സി പുരസ്‌കാരം ലഭിക്കാന്‍ കാരണമായി.

Content highlight: Virat Kohli is the only cricketer to win 10 individual ICC awards

Latest Stories

We use cookies to give you the best possible experience. Learn more