2024 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മൂന്നാം തോല്‍വി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് 28 റണ്‍സിനാണ്
ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്.
റോയല്‍ ചലഞ്ചേഴ്‌സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് 19.4 ഓവറില്‍ 153 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലി സ്വന്തമാക്കിയത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 100 മത്സരങ്ങള്‍ കളിക്കുന്ന താരം എന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.
— Royal Challengers Bengaluru (@RCBTweets) April 2, 2024
ഇതോടെ ഐ.പി.എല്ലില്‍ ഒരു ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ താരമായി മാറാനും വിരാടിന് സാധിച്ചു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ 80 മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മയും ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ 69 മത്സരങ്ങള്‍ കളിച്ച എം.എസ് ധോണിയും ആണ് വിരാട് കോഹ്‌ലിക്ക് പിന്നിലുള്ളത്.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 100 മത്സരങ്ങളില്‍ നിന്നും 39.95 ശരാശരിയില്‍ 3298 റണ്‍സാണ് കോഹ്‌ലി നേടിയിട്ടുള്ളത്. 141.75 സ്‌ട്രൈക്ക് റേറ്റില്‍ നാല് സെഞ്ച്വറികളും 25 അര്‍ധസെഞ്ച്വറികളുമാണ് താരം അടിച്ചെടുത്തത്.
ലഖ്നൗവിനെതിരെയുള്ള മത്സരത്തില്‍ 16 പന്തില്‍ 22 റണ്‍സാണ് വിരാട് നേടിയത്. രണ്ടു ഫോറുകളും ഒരു സിക്‌സുമാണ് കോഹ്‌ലി നേടിയത്.
ഈ സീസണില്‍ നാലു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തും കോഹ്‌ലിയാണ് ഉള്ളത്. നാല് ഇന്നിങ്‌സില്‍ രണ്ട് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 203 റണ്‍സാണ് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത്.
അതേസമയം മത്സരത്തില്‍ ലഖ്നൗ ബാറ്റിങ്ങില്‍ 56 പന്തില്‍ 81 റണ്‍സ് നേടി ക്വിന്റണ്‍ ഡികോക്കാണ് നിര്‍ണായകമായത്. എട്ട് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് താരം നേടിയത്. അഞ്ച് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 21 പന്തില്‍ പുറത്താവാതെ 42 നേടി യ നിക്കോളാസ് പൂരനും തകര്‍ത്തടിച്ചു. ബെംഗളൂരു ബൗളിങ്ങില്‍ ഗ്ലെന്‍ മാക്സ്വെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.
ലഖ്‌നൗ ബൗളിങ്ങില്‍ മായങ്ക് യാദവ് മൂന്ന് വിക്കറ്റും നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ബെംഗളൂരു ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സിനായി മാനിപാല്‍ ലോമോര്‍ 13 പന്തില്‍ 33 റണ്‍സും പടിതാര്‍ 21 പന്തില്‍ 29 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
നിലവില്‍ നാലു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും മൂന്നു തോല്‍വിയുമായി രണ്ട് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ബെംഗളൂരു. ഏപ്രില്‍ ആറിന് രാജസ്ഥാനെതിരെയാണ് റോയല്‍ ചലഞ്ചേഴ്സിന്റെ അടുത്ത മത്സരം. സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.
Content Highlight: Virat Kohli is the Most T20 matches played Indian player at a venue in IPL