|

ലോകകപ്പ് സെമിയിൽ മറ്റൊരു ഇന്ത്യൻ ബൗളർമാരുമില്ല, എട്ട് വർഷകാലം ഒരേയൊരാൾ മാത്രം 'കിങ് കോഹ്‌ലി'

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 സെമിഫൈനലിന്റെ ആവേശത്തിലേക്ക് അടുത്തിരിക്കുകയാണ്. കിരീട പോരാട്ടത്തിനായി അവസാന നാലില്‍ ഇന്ത്യ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളാണ് അണിനിരക്കുന്നത്. നാളെ രാവിലെ നടക്കുന്ന ആദ്യ സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയും അഫ്ഗാനിസ്ഥാനുമാണ് ഏറ്റുമുട്ടുന്നത്. രാത്രി നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരും.

ഈ ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍വി അറിയാതെയാണ് രോഹിത് ശര്‍മയും സംഘവും സെമി ഫൈനലിലേക്ക് മുന്നേറിയത്. മറുഭാഗത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും സമ്മര്‍ദങ്ങളെ അതിജീവിച്ചുകൊണ്ടാണ് സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയത്. ഇവിടെ നിന്നും അവസാന മത്സരത്തില്‍ അമേരിക്കയെ മികച്ച റേറ്റില്‍ വീഴ്ത്തി കൊണ്ടാണ് ജോസ് ബട്‌ലറും സംഘവും സെമി ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്.

2007ല്‍ എം.എസ്. ധോണിയുടെ കീഴില്‍ കുട്ടി ക്രിക്കറ്റിലെ കിരീടം നേടിയതിനു ശേഷം ഒരിക്കല്‍ പോലും ഇന്ത്യയ്ക്ക് കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 17 വര്‍ഷത്തെ ഇന്ത്യയുടെ കിരീടവരള്‍ച്ച അവസാനിപ്പിക്കാനായിരിക്കും ഇന്ത്യ ലക്ഷ്യമിടുക.

മറ്റൊരു സെമി ഫൈനല്‍ കൂടി മുന്നിലെത്തി നില്‍ക്കുമ്പോള്‍ ഒരു രസകരമായ വസ്തുതയാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഇന്ത്യക്കായി സെമിഫൈനലില്‍ അവസാനമായി വിക്കറ്റ് നേടിയ ബൗളര്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ് എന്നുള്ളതാണ്. 2016 ടി-20 ലോകകപ്പിന്റെ സെമിഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു വിരാട് വിക്കറ്റ് നേടിയത്.

വിന്‍ഡീസ് താരം ജോണ്‍സണ്‍ ചാള്‍സ്‌നെ ആയിരുന്നു കോഹ്‌ലി പുറത്താക്കിയത്. 36 പന്തില്‍ 52 റണ്‍സ് നേടിയ ജോണ്‍സണ്‍ വിരാടിന്റെ പന്തില്‍ രോഹിത് ശര്‍മയ്ക്ക് നല്‍കിയാണ് പുറത്തായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കരീബിയന്‍ പട 19.4 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

പിന്നീട് 2022 ലോകകപ്പില്‍ ആയിരുന്നു ഇന്ത്യ സെമി ഫൈനലില്‍ എത്തിയത്. അന്ന് സെമിഫൈനലില്‍ പത്ത് വിക്കറ്റുകള്‍ക്കായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ 16 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. എന്നാല്‍ ആ മത്സരത്തില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല.

നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ടി-20 സെമിഫൈനലില്‍ വീണ്ടും ഇന്ത്യയുടെ എതിരാളികളായി ഇംഗ്ലണ്ട് മുന്നിലെത്തി നില്‍ക്കുമ്പോള്‍ 2022 ലോകകപ്പ് സെമിഫൈനല്‍ പരാജയത്തിന് പകരം വീട്ടാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും സുവര്‍ണ്ണാവസരമാണ് ലഭിച്ചിരിക്കുന്നത്.

Content Highlight: Virat Kohli is the Last Indian Bowler To Take a Wicket in ICC T20 World Cup Semi Final

Also Read: ഇന്ത ലുക്ക് പോതുമാ തലൈവരേ, സോഷ്യല്മീഡിയക്ക് തീയിട്ട് ലോകേഷും സൂപ്പര്സ്റ്റാറും

Also Read: അര്ജന്റീനയ്ക്ക് വമ്പന് തിരിച്ചടി; തുടര്ച്ചയായ രണ്ട് മത്സരവും വിജയിച്ചതില് കാര്യമില്ലാതായോ?