കഴിഞ്ഞ ദിവസമായിരുന്നു ഐ.സി.സി 2022ലെ ടി-20 ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തിയ വിവിധ ടീമുകളിലെ താരങ്ങളെ ചേര്‍ത്തുകൊണ്ടായിരുന്നു ഐ.സി.സി ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചത്.
ടീമില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉള്‍പ്പെട്ടിട്ടുണ്ട്. വിരാടിന് പുറമെ സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരും ഐ.സി.സി ടി-20 ടീം ഓഫ് ദി ഇയറിന്റെ ഭാഗമാണ്.
ഐ.സി.സിയുടെ ടി-20 ടീമിലും ഇടം നേടാന്‍ സാധിച്ചതോടെ ഒരു അപൂര്‍വ നേട്ടമാണ് വിരാട് കോഹ്‌ലിയെ തേടിയെത്തിയിരിക്കുന്നത്. ഐ.സി.സിയുടെ മൂന്ന് ടീമുകളിലും (ടെസ്റ്റ്, ഏകദിനം, ടി-20) ഇടം നേടുന്ന ചരിത്രത്തിലെ തന്നെ ആദ്യ താരം എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയിരുന്നത്.
നേരത്തെ മൂന്ന് തവണ ഐ.സി.സി ടെസ്റ്റ് ടീം ഓഫ് ദി ഇയറിലും ആറ് തവണ ഐ.സി.സി ഒ.ഡി.ഐ ടീം ഓഫ് ദി ഇയറിലും സ്ഥാനം പിടിക്കാന്‍ വിരാട് കോഹ്‌ലിക്ക് സാധിച്ചിരുന്നു.
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തന്റെ പ്രൈം ടൈമില്‍ നില്‍ക്കവെ 2017, 2018, 2019 വര്‍ഷങ്ങളിലാണ് വിരാട് ഐ.സി.സി ടെസ്റ്റ് ടീം ഓഫ് ദി ഇയറില്‍ സ്ഥാനം നേടിയത്. 2012, 2014, 2016, 2017, 2018, 2019 തുടങ്ങിയ വര്‍ഷങ്ങളില്‍ ഐ.സി.സിയുടെ ഏകദിന ടീമിലും വിരാടെത്തി.
2017, 2018, 2019 വര്‍ഷങ്ങളില്‍ ഒരേസമയം ഏകദിന-ടെസ്റ്റ് ടീമില്‍ വിരാടിന് സ്ഥാനമുണ്ടായിരുന്നു. ശേഷം 2022ലെ ഐ.സി.സിയുടെ ടി-20 ടീമിലും മൂന്നാമനായി കോഹ്‌ലി സ്ഥാനം പിടിച്ചു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെ ടി-20 ലോകകപ്പിലേക്ക് നയിച്ച ജോസ് ബട്‌ലറാണ് ഐ.സി.സി ഇലവന്റെ നായകന്‍. ബട്‌ലറിന് പുറമെ ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ട സാം കറണും ടീമിന്റെ ഭാഗമാണ്.
ഐ.സി.സി ടി-20 ടീം ഓഫ് 2022
ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മുഹമ്മദ് റിസ്വാന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഗ്ലെന്‍ ഫിലിപ്‌സ്, സിക്കന്ദര്‍ റാസ, ഹര്‍ദിക് പാണ്ഡ്യ, സാം കറണ്‍, വാനിന്ദു ഹസരങ്ക, ഹാരിസ് റൗഫ്, ജോഷ് ലിറ്റില്‍.
2022 ഏഷ്യാ കപ്പിലൂടെയാണ് വിരാട് തന്റെ ഫോമിലേക്ക് മടങ്ങിയെത്തിയത്. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ച വിരാട് അഫ്ഗാനിസ്ഥാനെതിരെ ടി-20യിലെ തന്റെ ആദ്യ സെഞ്ച്വറിയും നേടിയിരുന്നു. ഏറെ നാളത്തെ സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിച്ച്, താനിതുവരെ നൂറടിക്കാന്‍ സാധ്യതയില്ലെന്ന് വിമര്‍ശകര്‍ വിധിയെഴുതിയ അതേ ഫോര്‍മാറ്റില്‍ തന്നെ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് വിരാട് തലയുയര്‍ത്തി നിന്നത്.
തുടര്‍ന്ന് ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സ് പുറത്തെടുത്തായിരുന്നു വിരാട് ലോകത്തിന്റെയൊന്നാകെ കയ്യടി നേടിയത്. തോറ്റെന്നുറപ്പിച്ച മത്സരത്തില്‍ ഹര്‍ദിക്കിനെയും ഒടുവില്‍ അശ്വിനെയും കൂട്ടുപിടിച്ച് വീണ്ടുമൊരു ക്ലാസിക് വിരാട് കോഹ്‌ലി ഇന്നിങ്‌സ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.