| Monday, 6th June 2022, 3:26 pm

ഇവര്‍ക്ക് രണ്ടാം സ്ഥാനത്തിന് വേണ്ടി മത്സരിക്കാം; ഫാബുലസ് ഫോറില്‍ ഒന്നാമന്‍ കിംഗ് കോഹ്‌ലി തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍ എന്നറിയപ്പെടുന്ന താരങ്ങളാണ് ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലി, ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, ഓസ്‌റ്റ്രേലിയന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് സ്റ്റീവ് സ്മിത്, ഇംഗ്ലണ്ടിന്റെ ക്ലാസിക്ക് ബാറ്റര്‍ ജോ റൂട്ട് എന്നിവര്‍.

2010ന് ശേഷം ക്രിക്കറ്റില്‍ ഏറ്റവും ഇംപാക്ട് ഉണ്ടാക്കിയ ബാറ്റിംഗ് താരങ്ങലാണ് ഈ നാല് പേരും. എന്നാല്‍ ഇവരില്‍ ആരാണ് ബെസ്റ്റ് എന്നതില്‍ ഇന്നും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ സറ്റാറ്റ്‌സ് എടുത്തു നോക്കിയാല്‍ ഒരാള്‍ മറ്റുള്ള മൂന്നുപേരേയും കടത്തിവെക്കുന്നുണ്ട്. ഇന്ത്യയുടെ വിരാട് കോഹ്‌ലിയാണ് സ്റ്റാറ്റ്‌സില്‍ ബാക്കി മൂവരേക്കാള്‍ മുന്നില്‍.

കഴിഞ്ഞ രണ്ട് കൊല്ലമായി ഫോം ഔട്ടാണെന്ന് പറയപ്പെടുന്ന കോഹ്‌ലിയാണ് ഈ നാല് പേരില്‍ ഏറ്റവും കൂടുതല്‍ റണ്ണുകള്‍ നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ജോ റൂട്ടിനേക്കാള്‍ 6000റണ്‍സിന് മുകളില്‍ റണ്ണാണ് കോഹ്‌ലിയുടെ ലീഡ്. 23650 റണ്ണാണ് കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടിച്ചുകൂട്ടിയിട്ടുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ജോ റൂട്ട് 17017 റണ്ണാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയുട്ടള്ളത്. ഇതില്‍ 10015 റണ്ണും ടെസ്റ്റിലാണ് താരം നേടിയത്.

മൂന്നാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ 15484 റണ്ണാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയത് 13274 റണ്ണുമായി സ്റ്റീവ് സമിത്താണ് ഫാബുലസ് ഫോറില്‍ നാലാമത്.

കോഹ്‌ലിയൊഴികെ ബാക്കി മൂന്ന് പേരും ഏതെങ്കിലും ഒന്നൊ രണ്ടൊ ഫോര്‍മാറ്റില്‍ മികച്ചു നിന്നപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്നതാണ് കോഹ്‌ലിയുടെ പ്രത്യേകത.

ഏകദിനത്തില്‍ 12311 റണ്ണും ടെസ്റ്റില്‍ 8043 റണ്ണും നേടിയ കോഹ്‌ലി അന്താരാഷ്ട്ര ട്വന്റി-20യില്‍ 3296 റണ്ണാണ് അടിച്ചുകൂട്ടിയത്.

അന്താരാഷ്ട്ര സെഞ്ച്വറിയുടെ കണക്കെടുത്താലും മറ്റുള്ള താരങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് വിരാട് കോഹ്‌ലി എന്ന ഇതിഹാസം. 70 അന്താരാഷ്ട്ര സെഞ്ച്വറികളാണ് കോഹ്‌ലി ഇതിനോടകം അടിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ സെഞ്ച്വറി അടിച്ചവരില്‍ മൂന്നാമതാണ് കോഹ്‌ലി. മുമ്പിലുള്ളത് സാക്ഷാല്‍ റിക്കി പോണ്ടിംഗും സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറും മാത്രം.

ഫാബുലസ് ഫോറില്‍ സെഞ്ച്വറിയുടെ കണക്കില്‍ കോഹ്‌ലിയുടെ അടുത്തുപോലും ബാക്കി മൂന്നുപേരുമില്ല. രണ്ടാമതുള്ള റൂട്ട് നേടിയത് 42 സെഞ്ച്വറിയാണ്. ഇതില്‍ 26 സെഞ്ച്വറിയും ടെസ്റ്റിലാണ്. സ്റ്റീവ് സ്മിത് 38 സെഞ്ച്വറികളാണ് നേടിയത്.

37 സെഞ്ച്വറിയുമായി വില്ല്യംസണ്‍ സ്മിത്തിന്റെ തൊട്ടുപുറകില്‍ തന്നെയുണ്ട്. സെഞ്ച്വറിയുടെ കണക്കില്‍ ഇപ്പോള്‍ കളിക്കുന്നവരാരും ഉടനെയൊന്നും കോഹ്‌ലിയുടെ അടുത്ത് ഉടനെയൊന്നും എത്തില്ലയെന്ന് വ്യക്തം.

കഴിഞ്ഞ രണ്ട് കൊല്ലമായി കോഹ്‌ലിക്ക് സെഞ്ച്വറിയൊന്നും നേടാനായില്ലെങ്കിലും അതിനുമുന്നെ അദ്ദേഹം ഉണ്ടാക്കിയെടുത്ത കരിയര്‍ സ്വപ്‌നതുല്യമാണ്. എല്ലാ കളിക്കാരുടേയും കരിയറില്‍ മോശം കാലഘട്ടം വരും. എന്നാല്‍ അതിനെ മറികടന്ന് മുന്നേറുമ്പോളാണ് അവര്‍ ഇതിഹാസങ്ങളായി മാറുന്നത്.

കരിയറില്‍ ഒരുപാട് തവണ കോഹ്‌ലി അത് തെളിയിച്ചതാണ്. വരും മത്സരങ്ങളില്‍ അദ്ദേഹം തന്റെ ഫോം വീണ്ടെടുത്ത് പഴയ കിംഗ് കോഹ്‌ലി ആകും എന്ന് പ്രതീക്ഷിക്കാം.

Content Highlights: Virat Kohli is still the king  of cricket among fabulous four

We use cookies to give you the best possible experience. Learn more