| Monday, 11th September 2023, 11:06 pm

സംഗയെ കടത്തിവെട്ടി, ഇനി വിരാടിന് മുന്നിലുള്ളത് ഓരേയൊരു താരം!

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനെതിരെയുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി 122 റണ്‍സ് നേടിയിരുന്നു. 94 പന്ത് നേരിട്ട് ഒമ്പത് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 122 റണ്‍സാണ് വിരാട് കോഹ്‌ലി നേടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലും മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു.

ഇരുവരുടെയും സെഞ്ച്വറിയുടെയും ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നിവരുടെ അര്‍ധസെഞ്ച്വറിയുടെ മികവിലും ഇന്ത്യ 356 റണ്‍സ് നേടിയിരുന്നു. കരിയറിലെ 77ാം സെഞ്ച്വറിയാണ് വിരാട് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ കുറിച്ചത്. ഏകദിനത്തിലെ 47ാമത്തെയും.

ഈ സെഞ്ച്വറിയോടെ ഒരുപാട് റെക്കോഡുകള്‍ തകര്‍ക്കാന്‍ വിരാടിന് സാധിച്ചിരുന്നു. അതിലൊന്നാണ് ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവരുടെ കൂട്ടത്തില്‍ രണ്ടാമതെത്തിയത്. ഏഷ്യാ കപ്പിലെ തന്റെ അഞ്ചാം സെഞ്ച്വറിയാണ് വിരാട് ഇന്നത്തെ മത്സരത്തില്‍ കുറിച്ചത്. ഇതോടെ നാല് സെഞ്ച്വറിയുള്ള മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരെയെ മറികടന്ന് വിരാട് രണ്ടാം സ്ഥാനത്തെത്തി.

ആറ് സെഞ്ച്വറിയുമായി വിരാടിന് മുമ്പിലുള്ളത് മുന്‍ ശ്രീലങ്കന്‍ വെടിക്കെട്ട് ഓപ്പണറായ സനത് ജയസൂര്യയാണ്. ഇനിയും സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് രണ്ട് മത്സരം ബാക്കിയുള്ളതിനാല്‍ താരത്തിന് ഈ ഏഷ്യാ കപ്പില്‍ തന്നെ അത് തകര്‍ക്കാന്‍ സാധിക്കാവുന്നതാണ്.

ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റില്‍ നാല് സെഞ്ച്വറിയും ടി-20 ഫോര്‍മാറ്റില്‍ ഒരു സെഞ്ച്വറിയുമാണ് വിരാട് നേടിയിട്ടുള്ളത്. ഇന്നത്തെ മത്സരത്തില്‍ സ്ഥിരം ശൈലിയില്‍ പതിയെയാണ് വിരാട് തുടങ്ങിയത്. ആദ്യ 55 പന്തില്‍ 50 നേടിയ വിരാട് പിന്നീടുള്ള 39 പന്തില്‍ 72 റണ്‍സാണ് അടിച്ചുക്കൂട്ടിയത്.

Content Highlight: Virat Kohli is now the second most century scorer In asia Cup History

We use cookies to give you the best possible experience. Learn more