|

വിരാടിനോട് പോയി ചെറിയ ടീമുകള്‍ക്കെതിരെ കളിച്ച് പഠിക്കാന്‍ ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് വിരാട് കോഹ്‌ലി. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി താരത്തിന്റെ ബാറ്റ് നിശ്ചലമാണ്. തന്റെ വീക്ക് പോയിന്റിനെ മറികടക്കാന്‍ താരത്തിന് സാധിക്കുന്നില്ല. അടുത്ത ദിവസം ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ വിരാടിന് വിശ്രമം അനുവദിച്ചിരുന്നു.

കുറച്ചുനാള്‍ ക്രിക്കറ്റില്‍ നിന്നും വിശ്രമം എടുത്തതിന് ശേഷം ഏഷ്യ കപ്പില്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള പ്ലാനിലായിരുന്നു വിരാട്. എന്നാല്‍ നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം സിംബാബ്‌വേക്കെതിരെയുള്ള ടീമില്‍ അണിനിരക്കുമെന്നാണ്. ബി.സി.സി.ഐയില്‍ നിന്നുമുള്ള ഒരു സോഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓഗസ്റ്റ് 18നാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ സിംബാബ്‌വേ പരമ്പര ആരംഭിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ സിംബാബ്‌വേയില്‍ ഒരു പര്യടനം നടത്താന്‍ പോകുന്നത്.

താരതമ്യേന ചെറിയ ടീമായ സിംബാബ്‌വേക്കതിരെ പ്രധാന താരങ്ങളെ ഒഴിവാക്കിയാണ് പൊതുവെ ബി.സി.സി.ഐ ടീമിനെ അയക്കുക. സീനിയര്‍ താരങ്ങള്‍ക്കെല്ലാം റെസ്റ്റ് നല്‍കി പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഇത്തരത്തിലുള്ള പര്യടനം ഉപയോഗിക്കാറുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ റെസ്റ്റ് അനുവദിച്ച വിരാടിന് സിംബാബ്‌വേക്കെതിരെയും ഇറങ്ങേണ്ടി വരില്ല എന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിരാട് ഫോമിലേക്ക് തിരിച്ചെത്തണമെന്നുള്ളത് വിരാടിനേക്കാള്‍ ആവശ്യം ബി.സി.സി.ഐക്കാണ്. ഏഷ്യ കപ്പിന് മുന്നോടിയായി അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തണമെന്നാണ് ബി.സി.സി.ഐയുടെ ആഗ്രഹം.

‘സെലക്ടര്‍മാരുടെ യോഗത്തിന് ഇനിയും സമയമുണ്ട്. എന്നാല്‍ വിരാട് സിംബാബ്‌വേ സീരീസ് കളിച്ച് അദ്ദേഹത്തിന്റെ ബാറ്റിങ് ടച്ച് വീണ്ടെടുത്ത് മികച്ച ഫോമിലേക്കെത്തിക്കാനാണ് പദ്ധതി,’ ബി.സി.സി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

തന്റെ സാങ്കേതികതയും ചിന്തകളും പുനഃസംഘടിപ്പിക്കുന്നതിനായി താരം ലണ്ടനില്‍ തന്നെ നില്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഫോം തകര്‍ച്ച കാരണം ക്രിക്കറ്റില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് അദ്ദേഹം.

ബര്‍മിംഗ്ഹാം ടെസ്റ്റിലെ 2 ഇന്നിങ്സുകളില്‍ നിന്ന് 31 റണ്‍സും രണ്ട് ടി20യില്‍ 12 റണ്‍സും രണ്ട് ഏകദിനങ്ങളില്‍ നിന്ന് 33 റണ്‍സും മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ കാലങ്ങളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള മികച്ച ഷോട്ടുകള്‍ കളിക്കാന്‍ വിരാടിന് സാധിച്ചിരുന്നു. ഓഫ് സൈഡിന് പുറത്തുപോകുന്ന പന്തുകളില്‍ ബാറ്റ് വെച്ചാണ് വിരാട് ഭൂരിഭാഗം കളികളിലും ഔട്ടാകുന്നത്.

Content Highlights: Virat Kohli is likely play odi series against Zimbabwe  to gain his form back to normal