| Tuesday, 9th January 2024, 11:20 am

ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ പിറന്നത് കരിയറിലെ ആദ്യത്തെയും 71ാമതും സെഞ്ച്വറി; വീണ്ടും നേര്‍ക്കുനേര്‍, ലക്ഷ്യം രണ്ടും 81ഉം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് ഇയറില്‍ സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പരക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനമാണ് ഇനി രോഹിത്തിനും സംഘത്തിനും മുമ്പിലുള്ളത്. മൂന്ന് മത്സരങ്ങളാണ് അഫ്ഗാന്‍ സിംഹങ്ങള്‍ ഇന്ത്യയിലെത്തി കളിക്കുക.

സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും അഫ്ഗാനെതിരെയുള്ള സ്‌ക്വാഡിന്റെ ഭാഗമാണ്. 2024 ടി-20 ലോകകപ്പില്‍ വിരാടും ടീമിലുണ്ടായേക്കാമെന്ന ആദ്യ സൂചനകളാണ് അപെക്‌സ് ബോര്‍ഡ് ഇപ്പോള്‍ നല്‍കുന്നത്.

അഫ്ഗാനിസ്ഥാനെതിരായ ടി-20 മത്സരമെന്നത് ഓരോ വിരാട് ആരാധകനെയും സംബന്ധിച്ച് ഏറെ സ്‌പെഷ്യലാണ്. കാരണം ഏറെ നാളത്തെ സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിച്ച് വിരാട് ട്രിപ്പിള്‍ ഡിജിറ്റ് സ്വന്തമാക്കിയത് അഫ്ഗാനെതിരെയാണ്. അതും ഇതുവരെ സെഞ്ച്വറി നേടാത്ത ടി-20 ഫോര്‍മാറ്റില്‍.

2022 ഏഷ്യാ കപ്പിലാണ് വിരാട് ആദ്യമായി ടി-20 ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടുന്നത്. ടി-20 ഫോര്‍മാറ്റില്‍ 4,000 റണ്‍സ് മാര്‍ക് പിന്നിട്ട ഏക താരം എന്ന റെക്കോഡ് സ്വന്തം പേരിലാക്കിയ വിരാടിന്റെ ഏക ടി-20 സെഞ്ച്വറിയാണിത്.

2022 സെപ്റ്റംബര്‍ എട്ടിന് ദുബായില്‍ നടന്ന മത്സരത്തില്‍ 61 പന്ത് നേരിട്ട് 200.00 സ്‌ട്രൈക്ക് റേറ്റില്‍ പുറത്താകാതെ 122 റണ്‍സാണ് വിരാട് നേടിയത്. മത്സരത്തില്‍ 101 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. കരിയറിലെ 71ാം സെഞ്ച്വറിയാണ് വിരാട് അഫ്ഗാനെതിരെ കുറിച്ചത്.

ഇതിന് ശേഷം ഇതാദ്യമായി ഇന്ത്യ വീണ്ടും അഫ്ഗാനെ ടി-20 ഫോര്‍മാറ്റില്‍ നേരിടുകയാണ്. ഈ പരമ്പരയിലും വിരാട് പഴയ ഫോം ആവര്‍ത്തിക്കുമെന്നും സെഞ്ച്വറി നേടുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

2022ല്‍ കരിയറിലെ ആദ്യ ടി-20 സെഞ്ച്വറിയും 71ാം അന്താരാഷ്ട്ര സെഞ്ച്വറിയുമാണ് വിരാട് നേടിയതെങ്കില്‍ ഇപ്പോള്‍ രണ്ടാം ടി-20 സെഞ്ച്വറിയും 81ാം അന്താരാഷ്ട്ര സെഞ്ച്വറിയുമാണ് വിരാട് ലക്ഷ്യം വെക്കുന്നത്.

ജനുവരി 11നാണ് ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. മൊഹാലിയാണ് വേദി.

ഇന്ത്യ സ്‌ക്വാഡ്

റിങ്കു സിങ്, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, വിരാട് കോഹ്‌ലി, യശസ്വി ജെയ്സ്വാള്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, രവി ബിഷ്ണോയ്.

അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ്

ഹസ്രത്തുള്ള സസായ്, ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), നജിബുള്ള സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായ്, ഗുലാബ്ദീന്‍ നയീബ്, കരിം ജന്നത്, മുഹമ്മദ് നബി, റഹ്‌മത് ഷാ, ഷറഫുദ്ദീന്‍ അഷ്റഫ്, ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഫരീദ് അഹമ്മദ്, ഫസലാഖ് ഫാറൂഖി, മുഹമ്മദ് സലീം, മുജീബ് ഉര്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, ഖായിസ് അഹമ്മദ്, റാഷിദ് ഖാന്‍.

Content highlight: Virat Kohli is aiming for the second T20 of his career against Afghanistan.

We use cookies to give you the best possible experience. Learn more