| Sunday, 3rd July 2022, 5:37 pm

'നിന്ന് ചെലയ്ക്കാണ്ട് ബാറ്റ് ചെയ്യടാ'; ചൂടന്‍ വാക്‌പോരുമായി കോഹ്‌ലിയും ബെയര്‍സ്‌റ്റോയും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം നിരവധി നല്ല മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പന്തിന്റെയും ജഡേജയുടെയും സെഞ്ച്വറിയും ക്യാപ്റ്റന്‍ ബുംറയുടെ വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യന്‍ നിര തകര്‍ത്താടിയ മത്സരമാണ് എഡ്ജ്ബാസ്റ്റണില്‍ നടക്കുന്നത്.

അതേസമയം, ഇംഗ്ലണ്ടിനെ സംബന്ധിച്ച് കാര്യങ്ങള്‍ അത്രകണ്ട് പന്തിയല്ല. മുന്നേറ്റനിര തകരുകയും വെടിക്കെട്ട് ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോ പതറുകയും ചെയ്ത കാഴ്ചയായിരുന്നു രണ്ടാം ദിവസം കണ്ടത്.

എന്നാല്‍ ഇരുവരും തമ്മിലുള്ള മത്സരത്തേക്കാളും സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയും തമ്മിലുള്ള വാഗ്വാദമാണ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയെറിഞ്ഞ 33ാം ഓവറിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. വിരാട് ബെയര്‍സ്‌റ്റോയോട് ‘ഷട്ട് അപ്. ജസ്റ്റ് സ്റ്റാന്‍ഡ് ആന്‍ഡ് ബാറ്റ്’ (മിണ്ടാതിരുന്ന് ബാറ്റ് ചെയ്യ്) എന്നുപറയുകയായിരുന്നു. ഇത് കണ്ട ബെയര്‍‌സ്റ്റോ ഒരു കാര്യവുമില്ലാതെ സംസാരിച്ചുകൊണ്ടിരുന്നോളൂ എന്ന രീതിയില്‍ വിരാടിനോട് ആംഗ്യം കാണിക്കുകയുമായിരുന്നു.

എന്നാല്‍ ഇതിന് ശേഷം, വിരാട് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സുമായി സംസാരിക്കുകയും ബെയര്‍സ്‌റ്റോയുടെ തോളില്‍ ഒരു ഫ്രണ്ടലി പഞ്ച് നല്‍കുകയും ചെയ്തിരുന്നു.

നേരത്തെ, ഇംഗ്ലണ്ട് ഇന്നിങ്‌സിനിടെ കോഹ്‌ലി ബെയര്‍സ്‌റ്റോയെ സ്ലെഡ്ജ് ചെയ്തിരുന്നു. ന്യൂസിലാന്‍ഡിനെതിരെ മിന്നുന്ന പ്രകടനം പുറത്തെടുത്ത ബെയര്‍‌സ്റ്റോക്ക് ഇന്ത്യന്‍ നിരയെ ആക്രമിച്ചുകളിക്കാന്‍ സാധിക്കുന്നില്ല എന്ന് കണ്ടതോടെയാണ് കോഹ്‌ലി ബെയര്‍സ്‌റ്റോയെ ചൊറിഞ്ഞത്.

തന്റെ മുഴുവന്‍ ഫോമും പുറത്തെടുക്കാന്‍ സാധിക്കാതെ വന്ന ബെയര്‍സ്റ്റോയെ ടിം സൗത്തിയുടെ പേര് പറഞ്ഞ് സ്ലെഡ്ജ് ചെയ്യാനായിരുന്നു വിരാട് ശ്രമിച്ചത്.

ഇംഗ്ലണ്ട് ഇന്നിങ്സിലെ 14ാം ഓവറിലായിരുന്നു കോഹ്‌ലി ബെയര്‍സ്റ്റോയെ ചൊറിഞ്ഞത്. ഷമിയുടെ ലൈനും ലെങ്തും മനസിലാക്കാനാവാതെ പതറിയ ബെയര്‍സ്റ്റോയെ വീണ്ടും മാനസികമായി തളര്‍ത്താനുള്ള കോഹ്‌ലിയുടെ തന്ത്രമായിരുന്നു അത്.

‘ലിറ്റില്‍ ബിറ്റ് ഫാസ്റ്റര്‍ ദാന്‍ സൗത്തി’ (സൗത്തിയേക്കാള്‍ അല്‍പം കൂടി വേഗമേറിയ കളി അല്ലേ) എന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്ക് ഒപ്പിയെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, ബെയര്‍സ്‌റ്റോ തന്റെ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വീണ്ടും ഒരു സെഞ്ച്വറി നേടാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍. 113 പന്തില്‍ നിന്നും 12 ഫോറും രണ്ട് സിക്‌സറും പറത്തി 91 റണ്‍സാണ് ബെയര്‍‌സ്റ്റോ നേടിയിരിക്കുന്നത്.

ബെയര്‍സ്‌റ്റോയുടെ ബാറ്റിങ് മികവില്‍ 45 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 200ന് ആറ് വിക്കറ്റ് എന്ന നിലയിലാണ്.

Content Highlight:  Virat Kohli involves in heated argument with Jonny Bairstow during India vs England 5th Test

Latest Stories

We use cookies to give you the best possible experience. Learn more