മുംബൈ: ഐ.പി.എല്‍ 2021 സീസണിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഒരുപിടി റെക്കോഡിലേക്ക് കണ്ണുംനട്ട് റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഐ.പി.എല്ലില്‍ ആദ്യമായി 6000 റണ്‍സ് എന്ന നേട്ടത്തിന് തൊട്ടരികിലാണ് കോഹ്‌ലി.
192 മത്സരങ്ങളില്‍ നിന്ന് 5878 റണ്‍സ് നേടിയ കോഹ്‌ലിയുടെ പേരില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോഡ്. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ സുരേഷ് റെയ്‌നയാണ് പട്ടികയില്‍ രണ്ടാമത്. 193 മത്സരങ്ങളില്‍ നിന്ന് 5368 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം.
ഐ.പി.എല്ലില്‍ ഒരു ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി 200 മത്സരം കളിക്കുന്ന ആദ്യ താരം എന്ന അപൂര്‍വ റെക്കോഡും കോഹ്‌ലിയെ കാത്തിരിപ്പുണ്ട്. 204 മത്സരം കളിച്ചിട്ടുള്ള ധോണിയാണ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം.
എന്നാല്‍ ധോണി ചെന്നൈയ്ക്ക് വേണ്ടി മാത്രമല്ല ഐ.പി.എല്ലില്‍ എത്തിയിട്ടുള്ളത്. ചെന്നൈയ്ക്ക് വിലക്ക് വന്ന രണ്ട് വര്‍ഷം ധോണി റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിനായി കളിച്ചിട്ടുണ്ട്.
രോഹിത് ശര്‍മ്മയും 200 മത്സരം കളിച്ചിട്ടുണ്ടെങ്കിലും ആദ്യസീസണുകളില്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു.