വെറും 52 റണ്‍സ് മാത്രമകലെ ചരിത്രനേട്ടം; വിരാടിനെ കാത്തിരിക്കുന്നത് കരിയര്‍ ഡിഫൈനിങ് മൈല്‍സ്റ്റോണ്‍
Sports News
വെറും 52 റണ്‍സ് മാത്രമകലെ ചരിത്രനേട്ടം; വിരാടിനെ കാത്തിരിക്കുന്നത് കരിയര്‍ ഡിഫൈനിങ് മൈല്‍സ്റ്റോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th February 2023, 8:54 am

 

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കാന്‍ വിരാടിന് സാധിക്കുമോ എന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്. വെറും 52 റണ്‍സ് കൂടി സ്വന്തമാക്കിയാല്‍ 25,000 അന്താരാഷ്ട്ര റണ്‍സ് എന്ന നേട്ടമാണ് വിരാടിനെ കാത്തിരിക്കുന്നത്.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 24,948 റണ്‍സാണ് വിരാട് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ വിരാട് 25,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടുമെന്ന് തന്നൊണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഏകദിനത്തില്‍ നിന്നുമാണ് വിരാട് ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയത്. കളിച്ച 271 എകദിനത്തിലെ 262 ഇന്നിങ്‌സുകളില്‍ നിന്നുമായി 12,809 റണ്‍സാണ് വിരാട് നേടിയത്. 183 റണ്‍സാണ് ഏകദിനത്തില്‍ വിരാടിന്റെ ഉയര്‍ന്ന സ്‌കോര്‍. 93.77 സ്‌ട്രൈക്ക് റേറ്റിലും 57.7 ശരാശരിയിലുമാണ് താരം സ്‌കോര്‍ ചെയ്യുന്നത്.

ഏകദിനത്തില്‍ 46 തവണ സെഞ്ച്വറി തികച്ച കോഹ്‌ലി 64 അര്‍ധ സെഞ്ച്വറികളും തന്റെ പേരിലാക്കിയിട്ടുണ്ട്. 1204 ബൗണ്ടറികളും 138 സിക്‌സറുകളുമാണ് വിരാട് തന്റെ ഏകദിന കരിയറില്‍ നേടിയത്.

8,131 റണ്‍സാണ് 106 ടെസ്റ്റ് മത്സരത്തിലെ 178 ഇന്നിങ്‌സുകളില്‍ നിന്നും കോഹ്‌ലി തന്റെ പേരില്‍ കുറിച്ചത്. 48.69 ആവറേജിലും 55.43 സ്‌ട്രൈക്ക് റേറ്റിലും റണ്ണടിക്കുന്ന വിരാടിന്റെ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 254 ആണ്.

 

27 തവണ ടെസ്റ്റില്‍ നൂറടിച്ച വിരാട് ഏഴ് തവണ ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. 28 അര്‍ധ സെഞ്ചവറികളാണ് താരം ലോങ്ങര്‍ പോര്‍മാറ്റില്‍ നിന്നും സ്വന്തമാക്കിയത്.

കൂട്ടി ക്രിക്കറ്റിലേക്ക് വരുമ്പോള്‍, 115 മത്സരത്തിലെ 107 ഇന്നിങ്‌സില്‍ നിന്നും 4,008 റണ്‍സാണ് വിരാട് തന്റെപേരില്‍ കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ നേടിയ 122 റണ്‍സാണ് വിരാടിന്റെ ടി-20 കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ടി-20 ഫോര്‍മാറ്റില്‍ വിരാട് മൂന്നക്കം കണ്ടതും ഈയൊരു തവണ മാത്രമാണ്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ 52 റണ്‍സ് കൂടി സ്വന്തമാക്കുകയാണെങ്കില്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 25,000 റണ്‍സ് തികയ്ക്കുന്ന ആറാമത് മാത്രം ഇന്ത്യന്‍ താരമാകാനും സാധിക്കും. ആക്ടീവ് ക്രിക്കറ്ററര്‍മാരില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏക താരം എന്ന റെക്കോഡും വിരാടിനെ കാത്തിരിക്കുകയാണ്.

അതേസമയം, ദല്‍ഹിയില്‍ വെച്ച് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 269 റണ്‍സിന് പുറത്തായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയുമാണ് ബൗളിങ്ങില്‍ ഇന്ത്യക്കായി തിളങ്ങിയത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21 റണ്‍സ് എന്ന നിലയിലാണ്. 13 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നാല് റണ്‍സുമായി കെ,എല്‍. രാഹുലുമാണ് ക്രീസില്‍.

 

Content highlight: Virat Kohli in the verge of completing 25,000 international runs