| Sunday, 19th November 2023, 4:53 pm

ഫൈനലില്‍ ഈ റെക്കോഡുകളും കിങ്ങിന് സ്വന്തം

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തപ്പോള്‍ ഇന്ത്യക്ക് ബാറ്റിങ്ങ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ശേഷം ക്രീസില്‍ എത്തിയ വിരാട് കോഹ്‌ലി ടീമിനെ ഉയര്‍ന്ന സ്‌കോറില്‍ എത്തിക്കാനുള്ള ശ്രമത്തിനിടയില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റായിരിക്കുകയാണ്. കോഹ്‌ലി ഇതിനോടകം മറ്റൊരു ഫിഫ്റ്റി കൂടെ നേടിയാണ് മടങ്ങിയത്. 63 പന്തില്‍ 54 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ അതിനപ്പുറം മറ്റൊരു റെക്കോഡും കോഹ്‌ലി നേടിക്കഴിഞ്ഞു. ഐ.സി.സി ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാവുകയാണ് കോഹ്‌ലി. 321 റണ്‍സിന് മുകളിലാണ് താരം സ്‌കോര്‍ ചെയ്തിരിക്കുന്നത്. കുമാര്‍ സങ്കക്കാര (320), മഹേല ജയവര്‍ധന (270), ആദം ഗില്‍ക്രിസ്റ്റ് (262), റിക്കി പോണ്ടിങ് (247), രോഹിത് ശര്‍മ (237) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍. 2023 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചറി നേടുന്ന താരം എന്ന ബഹുമതിയും കിങ് വിരാട് ഇതിനോടകം പിന്നിട്ടിരിക്കുകയാണ്. കൂടാതെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരം കൂടിയാണ് വിരാട്.

മത്സരം തുടങ്ങി 4.2 ഓവറില്‍ 30 റണ്‍സ് എത്തിയപ്പോളാണ് ശുഭ്മന്‍ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായത്. ഏഴ് പന്തില്‍ നാല് റണ്‍സ് മാത്രമാണ് ഗില്‍ നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്തില്‍ ആദം സാംപ ഗില്ലിന്റെ ക്യാച്ച് എടുക്കുകയായിരുന്നു.

76 റണ്‍സില്‍ ഇന്ത്യ എത്തിയപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത്തിനെയും നഷ്ടമായി. 31 പന്തില്‍ 47 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറികളുമാണ് രോഹിത് നേടിയത്. ട്രാവിസ് ഹെഡിന്റെ ഐതിഹാസികമായ ക്യാച്ചില്‍ ഗ്ലെന്‍ മാക്സ്വെല്ലിനാണ് രോഹിത്തിന്റെ വിക്കറ്റ്. പിന്നീട് വന്ന ശ്രേയസ് അയ്യര്‍ മൂന്ന് പന്തില്‍ നാല് റണ്‍സിന് പാറ്റ് കമ്മിന്‍സ് തിരികെ അയച്ചു.

മത്സരം പുരോഗമിക്കുമ്പോള്‍ ഇന്ത്യ 34 ഓവറില്‍ 169 റണ്‍സിന് നാല് വിക്കറ്റ് നഷ്ടത്തിലാണ്. നിലവില്‍ രാഹുല്‍ 95 പന്തില്‍ 57 റണ്‍സും സൂര്യകുമാര്‍ യാധവ് അഞ്ച് പന്തില്‍ ഒരു റണ്‍സും ക്രീസില്‍ തുടരുന്നുണ്ട്.

Content Highlight: Virat Kohli in record achievement

We use cookies to give you the best possible experience. Learn more