ഇന്നലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടി പഞ്ചാബിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് ആണ് പഞ്ചാബ് നേടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് 19.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സിനെ വിജയത്തില്‍ എത്തിച്ചത്. 49 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്‌സും അടക്കം 77 റണ്‍സ് നേടി വിരാട് വമ്പന്‍ തിരിച്ചുവരവാണ് ടി-ട്വന്റി ഫോര്‍മാറ്റില്‍ നടത്തിയത്. 157.14 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഇതിനുപുറമേ വിരാട് മറ്റൊരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ടി-ട്വന്റി ഫോര്‍മാറ്റ് അടക്കിവാഴുന്ന സാക്ഷാല്‍ ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡ് ആണ് വിരാട് മറികടന്നത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 70+ റണ്‍സ് നേടുന്ന താരമാകാന്‍ ആണ് വിരാടിന് സാധിച്ചത്.
വിരാടിനു പുറമേ ദിനേഷ് കാര്‍ത്തിക് 10 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്ന് ഫോറും അടക്കം 28 റണ്‍സ് നേടി. അവസാന ഘട്ടത്തില്‍ കാര്‍ത്തിക്കാണ് അതിവേഗം സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. 250 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ശേഷം രജത് പടിദാര്‍ 18 പന്തില്‍ നിന്ന് പതിനെട്ട് റണ്‍സ് നേടി.
പഞ്ചാബ് ബാറ്റിങ് നിരയില്‍ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് ശിഖര്‍ ധവാന്‍ ആണ്. 37 പന്തില്‍ 45 റണ്‍സ് ആണ് താരം നേടിയത്. ജിതേഷ് ശര്‍മ 20 പന്തില്‍ 27 റണ്‍സും പ്രബ്‌സിംറാന്‍ സിങ് 25 പന്തില്‍ 17 റണ്‍സും നേടി ടോട്ടല്‍ സ്‌കോറിലേക്ക് സംഭാവന ചെയ്തു. മുഹമ്മദ് സിറാജിന്റെയും ഇംഗ്ലണ്ട് മാക്‌സ് ഇന്ത്യയും തകര്‍പ്പന്‍ പ്രകടനമാണ് പഞ്ചാബിനെ തകര്‍ത്തത്. ഇരുവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ദയാല്‍ ഒരു വിക്കറ്റും നേടി.