|

ഇത് കുരിശില്‍ തറച്ച അവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ പിറന്ന നേട്ടം; കിങ് തുടക്കം കുറിച്ചു പിള്ളേര് തകര്‍ത്തടിച്ചു!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ 47 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഇതോടെ പോയിന്റ് പട്ടികയില്‍ അഞ്ചാമതായി എത്താനും പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താനും റോയല്‍ ചലഞ്ചേഴ്‌സിന് സാധിച്ചിരിക്കുകയാണ്. ഇത് ടീമിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണ്.

നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി റോയല്‍ ചലഞ്ചേഴ്‌സിനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് ആണ് ടീം സ്‌കോര്‍ ചെയ്തത്. വിജയലക്ഷ്യം എന്തുവിലകൊടുത്തും മറികടക്കാന്‍ ഇറങ്ങിയ ക്യാപിറ്റല്‍സ് 19.1 ഓവറില്‍ 140 റണ്‍സിന് ഔട്ട് ആവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സിന്  വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് രജത് പാടിദാര്‍ ആണ്. 32 പന്തില്‍ നിന്ന് 3 സിക്‌സറും ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി മിന്നും പ്രകടനമാണ് താരം ടീമിന് വേണ്ടി കാഴ്ചവച്ചത്.

ഐ.പി.എല്ലില്‍ 250 മത്സരം തികക്കാന്‍ എത്തിയ വിരാട് കോഹ്‌ലിക്ക് 13 പന്തില്‍ നിന്ന് മൂന്ന് അടക്കം 27 റണ്‍സ് നേടാന്‍ സാധിച്ചു. ആദ്യ ഓവറില്‍ തന്നെ കറുപ്പന്‍ സിക്‌സര്‍ നേടി 207.69 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം കളിച്ചത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡും വിരാട് സ്വന്തമാക്കുകയാണ്.

ഐപിഎല്ലിലെ (ആക്റ്റീവ് പ്ലെയേഴ്‌സ്) ഒരു ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് വിരാടിന് സാധിച്ചത്.

ഐപിഎല്ലിലെ (ആക്റ്റീവ് പ്ലെയേഴ്‌സ്) ഒരു ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം, സിക്‌സര്‍

രോഹിത് ശര്‍മ – 12

വിരാട് കോഹ്‌ലി -11

കെ.എല്‍. രാഹുല്‍ – 9

ശേഷം മികച്ച പ്രകടനം കാഴ്ചവെച്ചത് വില്‍ ജാക്‌സ് ആണ്. 29 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയാണ് ജാക്‌സ് പുറത്തായത്. കാമറൂണ്‍ ഗ്രീന്‍ 24ല്‍ നിന്ന് 32 റണ്‍സ് നേടി. മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ദല്‍ഹിക്ക് വേണ്ടി ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഖലീല്‍ അഹമ്മദ് റാസിഖ് സലാം എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദല്‍ഹിക്ക് വേണ്ടി അക്‌സര്‍ പട്ടേലാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. 39 പന്തില്‍ 57 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഷായി ഹോപ്പ് 29 റണ്‍സും ജാക്ക് ഫ്രേസര്‍ 21 റണ്‍സും ടീമിന് നേടിക്കൊടുത്തു മറ്റുള്ളവര്‍ക്ക് ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി യാഷ് ദയാല്‍ മൂന്ന് വിക്കറ്റുകളും ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.

Content Highlight: Virat Kohli In Record Achievement