ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരിക്കുകയാണ്. ഇതോടെ ഇന്ത്യ 534 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്.
ടീമിന് വേണ്ടി ഓപ്പണര്‍മാരായ യശസ്വി ജെയ്സ്വാളും കെ.എല്‍. രാഹുലും മികച്ച ഇന്നിങ്സാണ് കളിച്ചത്. രാഹുല്‍ 176 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ അടക്കം 77 റണ്‍സിനാണ് പുറത്തായത്. ഓസ്ട്രേലിയന്‍ മണ്ണില്‍ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ജെയ്സ്വാള്‍ മടങ്ങിയത്. 297 പന്തില്‍ 15 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 161 റണ്‍സ് നേടിയാണ് ജെയ്സ്വാള്‍ പുറത്തായത്.
എന്നാല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വമ്പന്‍ തിരിച്ചുവരവാണ് വിരാട് കോഹ്‌ലി നടത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് വിരാട് വരവറിയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 5 റണ്‍സിന് പുറത്തായ വിരാട് രണ്ടാം ഇന്നിങ്‌സില്‍ 143 പന്തില്‍ നിന്നാണ് തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്.
രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെയാണ് താരം സെഞ്ച്വറി നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും വിരാടിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന ഏഷ്യയില്‍ നിന്നുള്ള രണ്ടാമത്തെ താരമാകാനാണ് വിരാടിന് സാധിച്ചത്. ഈ നേട്ടത്തില്‍ സച്ചിനാണ് ഒന്നാമത്. മാത്രമല്ല മുന്‍ പാക് താരം സഹീര്‍ അബ്ബാസിനൊപ്പമെത്താനും വിരാടിന് സാധിച്ചു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 13 – 38 ഇന്നിങ്‌സ്
വിരാട് കോഹ്‌ലി – 11* – 27 ഇന്നിങ്‌സ്
സഹീര്‍ അബ്ബാസ് – 11 – 28 ഇന്നിങ്‌സ്
ജാവേദ് മിന്‍ദാദ് – 9 – 28 ഇന്നിങ്‌സ്
മത്സരത്തില്‍ ദേവ്ദത്ത് പടിക്കല്‍ (25), ഋഷബ് പന്ത് (1), ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍ (29) എന്നിവരെയും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുകളും നഥാന്‍ ലിയോമിന് രണ്ട് വിക്കറ്റും നേടാന്‍ സാധിച്ചു.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് നിലവില്‍ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. നഥാന്‍ മക്സ്വി (0), പാറ്റ് കമ്മിന്‍സ് (2), മാര്‍നസ് ലബുഷാന്‍ (3) എന്നിവരുടെ വിക്കറ്റാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്. നഥാന്‍ന്റെയും ലബുഷാന്റെയും വിക്കറ്റുകള്‍ നേടി ക്യാപ്റ്റന്‍ ബുംറ തിളങ്ങിയപ്പോള്‍ നൈറ്റ് വാച്ച് മാന്‍ ആയി ഇറങ്ങിയ ക്യാപ്റ്റന്‍ കമ്മിന്‍സിനെ സിറാജും പുറത്താക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുക്കുകയും തുടര്‍ന്ന് 150 റണ്‍സിന് ഓള്‍ ഔട്ടുമായി. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 104 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്ത് വമ്പന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു.
Content Highlight: Virat Kohli In Great Record Achievement In Test Cricket