|

മുന്നിലുള്ളത് വാര്‍ണര്‍ മാത്രം; തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി കിങ് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഏഴ് വിക്കറ്റിനാണ് ആര്‍.സി.ബി സ്വന്തമാക്കിയത്. എതിരാളികളുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് റോയല്‍സ് തങ്ങളുടെ ആദ്യ വിജയം നേടിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം 22 പന്ത് ബാക്കി നില്‍ക്കെ ആര്‍.സി.ബി മറികടക്കുകയായിരുന്നു.

ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ വിരാട് കോഹ്‌ലിയും ഫില്‍ സാള്‍ട്ടുമാണ്. സാള്‍ട്ട് 31 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 56 റണ്‍സാണ് നേടിയത്. വിരാട് 36 പന്തില്‍ പുറത്താകാതെ നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 59 റണ്‍സാണ് നേടിയത്.

ആദ്യ മത്സരത്തില്‍ തന്നെ മിന്നും പ്രകടനം കാഴ്ചവെച്ച് കിങ് കോഹ്‌ലി ഒരു തകര്‍പ്പന്‍ റെക്കോഡാണ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് വിരാട് നേടിയത്. ഈ ലിസ്റ്റില്‍ മുന്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ വിരാട് നേരത്തെ മറികടന്നിരുന്നു. മാത്രമല്ല റെക്കോഡില്‍ വിരാടിന്റെ മുന്നിലുള്ളത് ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ മാത്രമാണ്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന താരം, എണ്ണം

ഡേവിഡ് വാര്‍ണര്‍ – 66

വിരാട് കോഹ്‌ലി – 64

ശിഖര്‍ ധവാന്‍ – 53

മത്സരത്തില്‍ ക്യാപ്റ്റന്‍ രചത് പാടിദാര്‍ 34 റണ്‍സ് നേടി മികവ് പുലര്‍ത്തിയിരുന്നു.കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായിരുന്നു.

നാല് റണ്‍സുമായി നില്‍ക്കവെ ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത്. 31 പന്തില്‍ നാല് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 56 റണ്‍സാണ് താരം നേടിയത്.

അഞ്ചാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയെയും കൊല്‍ക്കത്ത ബാറ്റര്‍മാര്‍ തല്ലിയൊതുക്കി. 15 റണ്‍സാണ് താരം വിട്ടുകൊടുത്തത്. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മാര്‍ച്ച് 28നാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ചെപ്പോക്കില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.

Content Highlight: Virat Kohli In Great Record Achievement In IPL