Sports News
കിങ് ഓഫ് ഏഷ്യ; തിരിച്ചുവരവില്‍ ഇരട്ട റെക്കോഡുമായി വിരാട് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 12, 10:08 am
Wednesday, 12th February 2025, 3:38 pm

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം അഹമ്മദാബാദില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നിലവില്‍ ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്‌ക്കെതിരെ രണ്ടാം ഓവറിന് എത്തിയ മാര്‍ക്ക് വുഡ്ഡിന്റെ ആദ്യ പന്തില്‍ കീപ്പര്‍ ഫില്‍ സാള്‍ട്ടിന്റെ കയ്യില്‍ കുരുങ്ങി രോഹിത് ശര്‍മ പുറത്താകുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ 119 റണ്‍സ് നേടി വമ്പന്‍ പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന്‍ രോഹിത് വെറും ഒരു റണ്‍സിനാണ് അഹമ്മദാബാദില്‍ പുറത്തായത്.

ശേഷം ഇറങ്ങിയ വിരാട് കോഹ്‌ലി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് പുറത്ത് പോയത്. അര്‍ധ സെഞ്ച്വറി നേടിയാണ് താരം ഏറെ കാലത്തെ മോശം ഫോം അവസാനിപ്പിച്ചത്. 55 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 52 റണ്‍സ് നേടിയാണ് വിരാട് കളം വിട്ടത്. ആദില്‍ റഷീദിന്റെ പന്തില്‍ കീപ്പര്‍ ക്യാച്ചില്‍ കുരുങ്ങുകയായിരുന്നു വിരാട്.

എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനാണ് വിരാടിന് സാധിച്ചത്. ഏഷ്യയില്‍ ഏറ്റവും വേഗത്തില്‍ 16000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമാകാനാണ് വിരാടിന് സാധിച്ചത്. മാത്രമല്ല ഇംഗ്ലണ്ടിനെതിരെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കന്ന ആദ്യ ഇന്ത്യന്‍ താരമാകാനും വിരാടിന് സാധിച്ചിരിക്കുകയാണ്. ഈ നേട്ടത്തില്‍ വിരാടിന് തൊട്ട് പിറകിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 3990 റണ്‍സാണ് ഇംഗ്ലണ്ടിനെതിരെ സച്ചിന്‍ നേടിയത്.

വിരാടിനൊപ്പം അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് വൈസ് ക്യാപ്റ്റന്‍ ക്രീസില്‍ ആറാടുകയാണ്. നിലവില്‍ 73 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 80 റണ്‍സ് നേടി മിന്നും പ്രകടനമാണ് ഗില്‍ കാഴ്ചവെക്കുന്നത്. കൂടെ ശ്രേയസ് അയ്യര്‍ 14 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 14 റണ്‍സും നേടിയിട്ടുണ്ട്. നിലവില്‍ 24 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ട്ത്തിലാണ് ഇന്ത്യ.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ടോം ബാന്‍ടണ്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ഗസ് ആറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്, സാഖിബ് മഹ്‌മൂദ്.

Content Highlight: Virat Kohli In Great Record Achievement