|

ഐ.പി.എല്‍ ചരിത്രത്തിലെ മോശം റെക്കാഡില്‍ വിരാട്; ഇങ്ങനെയൊരു മാനക്കേടും വിരാടിനുണ്ടായിരുന്നോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. 2008ല്‍ ആരംഭിച്ച് ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ മാറ്റിമറിക്കാന്‍ പോലും വളര്‍ന്ന ഐ.പി.എല്‍ ഇപ്പോള്‍ അതിന്റെ 18ാം എഡിഷനിലാണ് എത്തിനില്‍ക്കുന്നത്. മാര്‍ച്ച് 22നാണ് ഈ വര്‍ഷത്തെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാകുന്നത്.

ടൂര്‍ണമെന്റന്റെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും ഒറ്റ കിരീടം പോലും നേടാന്‍ സാധിക്കാത്ത ടീമന്നെ കളങ്കം മറക്കാനാണ് ആര്‍.സി.ബി ഇറങ്ങുന്നത്.

എന്നാല്‍ ഐ.പി.എല്ലിലെ മോശം റെക്കോഡും തലയില്‍ പേറിയാണ് കിങ് കോഹ്‌ലി തങ്ങളുടെ ആദ്യ മത്സരത്തിനെത്തുന്നത്. ഒരു താരമെന്ന നിലയില്‍ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയപ്പെടുന്ന മോശം റെക്കോഡാണ് വിരാട് തലയില്‍ ചൂടിയത്. ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് മുന്‍ ആര്‍.സി.ബി താരവും നിലവിലെ ആര്‍.സി.ബി പരിശീലകനുമായ ദിനേശ് കാര്‍ത്തിക്കാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം പരാജയപ്പെടുന്ന താരം, തോല്‍വി (മത്സരങ്ങള്‍)

വിരാട് കോഹ്‌ലി – 125 (252)

ദിനേശ് കാര്‍ത്തിക് – 123 (257)

രോഹിത് ശര്‍മ – 119 (257)

എം.എസ്. ധോണി – 110 (264)

ശിഖര്‍ ധവാന്‍ – 108 (222)

ഒരു ഫ്രാഞ്ചൈസിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച റെക്കോഡ് വിരാടിന് ഉണ്ടെങ്കിലും തോല്‍വികള്‍ എന്നും താരത്തിന് തിരിച്ചടിയാണ് നല്‍കിയത്.

2008 മുതല്‍ ബെംഗളൂരിന്റെ കൂടെയുള്ള താരമാണ് വിരാട്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. 2011 മുതല്‍ 2023വരെയാണ് വിരാട് ബെംഗളൂരിന്റെ നായകനായത്. എന്നിരുന്നാലും തങ്ങളുടെ കന്നി കിരീടം നേടാന്‍ താരത്തിന് സാധിച്ചില്ല.

252 മത്സരങ്ങളില്‍ നിന്ന് 8004 റണ്‍സാണ് ഐ.പി.എല്ലില്‍ നിന്ന് നേടിയത്. എട്ട് സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയും വിരാട് ബെംഗളൂരുവിന് വേണ്ടി നേടിയിട്ടുണ്ട്.

Content Highlight: Virat Kohli In A Unwanted Record Achievement At IPL history