| Saturday, 27th August 2022, 4:21 pm

രണ്ടും കല്‍പിച്ച് തന്നെ; മാക്‌സ്‌വെല്ലിനെ അനുകരിച്ച് വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള പടയൊരുക്കത്തിലാണ് ടീം ഇന്ത്യ. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയാണ് ഇന്ത്യന്‍ ടീം നേരിടുക. കഴിഞ്ഞ വര്‍ഷം ട്വന്റി-20 ലോകകപ്പില്‍ ഏറ്റുമുട്ടിയതിന് ശേഷം ആദ്യമായാണ് ഇരുവരും മത്സരിക്കാന്‍ ഒരുങ്ങുന്നത്.

ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന ഇന്ത്യയുടെ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പോകുന്നത് മുന്‍ നായകന്റെ വിരാട് കോഹ്‌ലിയിലെക്കാണ്. ഒരുപാട് നാളത്തെ വിശ്രമത്തിന് ശേഷമാണ് വിരാട് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. കുറേ നാളുകളായി തന്നെ വേട്ടയാടുന്ന ഔട്ട് ഓഫ് ഫോമില്‍ നിന്നും മുക്തി നേടാനുള്ള തയ്യാറെടുപ്പിലാണ് താരം. അതിനായി കഠിനമായ പ്രാക്ടീസിലൂടെയും നെറ്റ് സെഷനിലൂടയും അദ്ദേഹം കടന്ന് പോകുന്നുണ്ട്.

കഴിഞ്ഞ ദിവസം വിരാട് ഇന്ത്യന്‍ സ്പിന്നര്‍മാരെ നെറ്റ് സെഷനില്‍ അടിച്ചുതകര്‍ക്കുന്ന വീഡിയോ നെറ്റിസണ്‍സിനിടയില്‍ വൈറലായിരുന്നു. യുസ്വേന്ദ്ര ചഹല്‍, ജഡേജ, ആര്‍. അശ്വിന്‍ എന്നിവരെയായിരുന്നു വിരാട് അടിച്ചുതകര്‍ത്തത്. പ്രാക്റ്റീസിനിടെ ചഹലിനെ സ്വിച്ച് ഹിറ്റടിക്കുന്നതും ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു.

കോപ്പി ബുക്ക് ഷോട്ടുകളും ബോട്ടം ഹാന്‍ഡ് ഫ്‌ളിക്കുകളും ഉപയോഗിച്ച് പരമാവധി സ്‌കോര്‍ ചെയ്യുന്ന വിരാട് പൊതുവെ ഇത്തരത്തിലുള്ള അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ കളിക്കാറില്ല. അതുകൊണ്ട് പ്രാക്ടീസ് സെഷനിലെ ഈ ഷോട്ട് ആരാധകരില്‍ കൗതുകമുണര്‍ത്തുകയായിരുന്നു.

വിരാട് ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലെ തന്നെയാണ് ആരാധകര്‍. എന്നാല്‍ ആരാധകര്‍ മാത്രമല്ല വിരാടിന്റെ തിരിച്ചുവരവിന് കാത്തിരിക്കുന്നത്. ക്രിക്കറ്റ് ലോകം ഒന്നാകെ വിരാടിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.

പാകിസ്ഥാന്‍ ടീമംഗങ്ങളായ ഷഹീന്‍ അഫ്രീദിയും ഷദാബ് ഖാനും വിരാടിന് ആശംസകള്‍ അറിയിച്ചിരുന്നു. വിരാട് ഉടനെ തന്നെ സെഞ്ച്വറി നേടുമെന്നാണ് ഷദാബ് പറഞ്ഞത്. വിരാട് സെഞ്ച്വറിയടിക്കാനായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നാണ് ഷഹീന്‍ വിരാടിനോട് നേരിട്ട് പറഞ്ഞത്.

Content Highlight: Virat Kohli hitting Yuzvendra chahal fot switch hit

We use cookies to give you the best possible experience. Learn more