| Thursday, 25th August 2022, 9:12 am

പാകിസ്ഥാന്‍ റെഡി അല്ലെ? നെറ്റ്‌സില്‍ ബൗളര്‍മാരെ അടിച്ചുകൂട്ടി കിങ് കോഹ്‌ലി ! വീഡിയോ കാണാം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ മാസം 28ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഓഗസ്റ്റ് 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആര്‍ച്ച് റൈവല്‍സായ പാകിസ്ഥാനാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.

ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി മികച്ച തയ്യാറെടുപ്പ് നടത്താനും ടീമിനെ സജ്ജമാക്കാനും ഏഷ്യാ കപ്പിന് സാധിക്കും. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയും മികച്ച ഫോമില്‍ കളിക്കുന്ന പാകിസ്ഥാനും തന്നെയാണ് ഏഷ്യാ കപ്പ് ഫേവറേറ്റുകള്‍ എന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ വിരാട് കോഹ്‌ലിയിലേക്കാണ് ടീമിന്റെ എല്ലാ ശ്രദ്ധയും പോകുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഫോമൗട്ടിലുള്ള അദ്ദേഹത്തിന്റെ മികച്ച തിരിച്ചുവരവിനായിട്ടാണ് എല്ലാവരും കാത്തുനില്‍ക്കുന്നത്.

മൂന്ന് വര്‍ഷമായി സെഞ്ച്വറി സ്വന്തമാക്കാന്‍ സെഞ്ച്വറി മെഷീന്‍ എന്നറിയപ്പെടുന്ന വിരാടിന് സാധിച്ചിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ക്രക്കറ്റില്‍ നിന്നും വിശ്രമമെടുത്ത വിരാട് ഏഷ്യാ കപ്പിലാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്താനുള്ള കഠിന പരിശ്രമത്തിലാണ് വിരാട്.

മത്സരങ്ങള്‍ക്ക് മുമ്പുള്ള നെറ്റ്‌സ് പരിശീലനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുകൂട്ടുന്ന വിരാടിനെയാണ് കാണാന്‍ സാധിക്കുക. സ്ഥിര ശൈലിയായ ബോട്ടം ഹാന്‍ഡ് ഫ്‌ലിക്കുകളും മികച്ച ഷോട്ടുകളും കാണാന്‍ ഈ വീഡിയോയില്‍ കാണാം. സ്പിന്നര്‍മാരായ ചഹല്‍, ജഡേജ എന്നിവര്‍ക്കെതിരെയാണ് അദ്ദേഹം പ്രത്യേകമായി പ്രാക്ടീസ് ചെയ്യുന്നത്. അതോടൊപ്പം യുവ പേസറായ അര്‍ഷ്ദീപിനെയും കോഹ്‌ലി മര്‍ദിക്കുന്നുണ്ട്.

ഒരുപാട് നാളുകളായി വിരാടില്‍ കാണാത്ത കോണ്‍ഫിഡന്‍സ് ഈ നെറ്റ് സെഷനില്‍ നിന്നും കാണാന്‍ സാധിക്കും. ഏഷ്യാ കപ്പിലും ഈ ടച്ചില്‍ അദ്ദേഹം തുടരുകയാണെങ്കില്‍ പാകിസ്ഥാനും മറ്റു ടീമുകളും ഒന്ന് ഒരുങ്ങി തന്നെ ഇരിക്കേണ്ടി വരും.

മറ്റു ഇന്ത്യന്‍ ബാറ്റര്‍മാരും വിരാടിനൊപ്പം പ്രാക്ടീസ് ചെയ്യുന്നുണ്ട്. ആദ്യം ഒന്നു പരുങ്ങിയെങ്കിലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മികച്ച ടച്ചിലായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പ്രധാന താരങ്ങളെല്ലാം മികച്ച ടച്ചിലാണെങ്കില്‍ ഏഷ്യാ കപ്പില്‍ ഒരുപാട് മുന്നേറ്റങ്ങളുണ്ടാക്കാന്‍ ഇന്ത്യക്ക് സാധിക്കും.

Content Highlight: Virat Kohli hitting Indian Bpwlers in practice session

We use cookies to give you the best possible experience. Learn more