കിങ് അയാളുടെ ഫേവറീറ്റ് ഗ്രൗണ്ടില്‍, ഷഹീനൊക്കെ ഒന്ന് വിയര്‍ക്കും; കൊളംബോയിലെ അവസാന മൂന്ന് ഇന്നിങ്‌സ് ഇങ്ങനെ
Asia cup 2023
കിങ് അയാളുടെ ഫേവറീറ്റ് ഗ്രൗണ്ടില്‍, ഷഹീനൊക്കെ ഒന്ന് വിയര്‍ക്കും; കൊളംബോയിലെ അവസാന മൂന്ന് ഇന്നിങ്‌സ് ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th September 2023, 6:54 pm

സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം. ഗ്രൂപ്പ് സ്റ്റേജില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മഴ മൂലം മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇന്ത്യയുടെ ബാറ്റിങ്ങിന് ശേഷം മഴ എത്തുകയും മത്സരം മുടങ്ങുകയുമായിരുന്നു.

സൂപ്പര്‍ ഫോര്‍ മത്സരം നടക്കുന്ന കൊളംബോയിലും മഴക്കുള്ള സാധ്യത കല്‍പ്പിച്ചിരുന്നുവെങ്കിലും നിലവില്‍ അവിടെ വെയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇനി അഥവാ മത്സരം മുടങ്ങിയാലും മത്സരം പൂര്‍ത്തിയാക്കാന്‍ റിസര്‍വ് ഡേ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മത്സരം നടക്കുന്ന കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ അസാധ്യ റെക്കോഡാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടേത്. കൊളംബോയില്‍ കളിച്ച അവസാന മൂന്ന് ഇന്നിങ്‌സിലും വിരാട് സെഞ്ച്വറി നേടിയിരുന്നു. കൊളംബോയില്‍ എട്ട് ഇന്നിങ്‌സില്‍ നിന്നും 519 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 94 പ്രഹരശേഷിയില്‍ ബാറ്റ് വീശിയ വിരാടിന്റെ ശരാശരി 103 റണ്‍സാണ്.

കൊളംബയില്‍ അവസാനമായി കളിച്ച മൂന്ന് ഇന്നിങ്‌സില്‍ 110*, 131, 128* എന്നിങ്ങനെയാണ് വിരാടിന്റെ സ്‌കോര്‍. മൂന്ന് ഇന്നിങ്‌സും ശ്രീലങ്കക്കെതിരെയാണ്. പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ താരം ഈ ഫോമിലേക്കെത്തുമെന്നാണ് ആരാധകരും ഇന്ത്യന്‍ ടീമും പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ താരം വെറും നാല് റണ്‍സ് നേടി പുറത്തായിരുന്നു.

തീ തുപ്പുന്ന ഷഹീന്‍ അഫ്രിദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരടങ്ങുന്ന പാക് ബൗളിങ് പടക്കെതിരെ ഇന്ത്യക്ക് പിടിച്ച് നില്‍ക്കണമെങ്കില്‍ ഇന്ത്യക്ക് വിരാടിന്റെ മികവ് ആവശ്യമാണ്. തന്റെ ഫേവറീറ്റ് ഗ്രൗണ്ടില്‍ വിരാട് ഇവരെ എങ്ങനെ നേരിടും എന്ന ആകാംഷയിലാണ് ആരാധകര്‍.

സെപ്റ്റംബര്‍ 10 ഞായറാഴ്ചയാണ് എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം.

Content Highlight: Virat Kohli Hitted Three Centuries in His last three Innings In Colombo