| Thursday, 9th March 2017, 2:51 pm

'ആര്‍ക്കും ഉത്തരം നല്‍കാന്‍ ബാധ്യസ്ഥനല്ല, എന്റെ മനസ്സാണ് എന്റെ ശരി' ; വിമര്‍ശനങ്ങളെ സിക്‌സറിച്ച് കോഹ്‌ലിയുടെ ചുട്ട മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്


മുംബൈ: തന്റെ ബാറ്റു പോലെ തന്നെയാണ് വിരാട് കോഹ്‌ലിയുടെ നാക്കും. പറയാനുള്ളത് വെട്ടി തുറന്ന് പറയും. ഡ്രൈവ് ഷോട്ടുകള്‍ കളിക്കുന്ന അതേ ആത്മവിശ്വാസത്തോടെ തന്നെ അഭിപ്രായം വ്യക്തമാക്കാനും അദ്ദേഹത്തിന് സാധിക്കും. പോളി ഉമ്രിഗര്‍ ട്രോഫി അവാര്‍ഡു ദാന ചടങ്ങില്‍ ഡി.ആര്‍.എസ് വിവാദങ്ങളോടുള്ള തന്റെ പ്രതികരണം വളരെ വ്യക്തമായി തന്നെ രേഖപ്പെടുത്തിയിരിക്കുകയാണ് വിരാട്.

ഇന്ത്യയുടെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങവെയായിരുന്നു വിരാട് അഭിപ്രായ പ്രകടനം നടത്തിയത്. ” എന്റെ മനസ്സിനെയാണ് ഞാന്‍ വിശ്വസിക്കുന്നതും പിന്തുടരുന്നതും അതിനാല്‍ സംശയിക്കുന്നവരേയും എതിര്‍ക്കുന്നവരേയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. എനിക്ക് ആരോടും ഉത്തരം പറയേണ്ടതില്ല. എന്റെ മനസ്സാണ് എന്റെ ശരി.” വിരാട് പറയുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബംഗളൂരു ടെസ്റ്റില്‍ കോഹ്‌ലിയുടെ പെരുമാറ്റം വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കുള്ള വിരാടിന്റെ മറുപടിയായിരുന്നു വാക്കുകള്‍. പരമ്പരയില്‍ ഇന്ത്യന്‍ നായകന്റെ മോശം ഫോമും വിമര്‍ശന ശരങ്ങള്‍ക്ക് ഇരയായിരുന്നു. ഡി.ആര്‍.എസ് ചോദിക്കാനായി ഡ്രസിംഗ് റൂമിന്റെ അഭിപ്രായം ചോദിച്ച ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തുമായി വിരാട് കൊമ്പു കോര്‍ത്തതും വിവാദമായിരുന്നു. സ്മിത്തിന്റെ ആക്ഷനെതിരെ വ്യാപക പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്തില്‍ നിന്നും ഉയരുന്നത്.

സ്മിത്തിനോട് കയര്‍ത്ത അതേ തീവ്രതയോടെ തന്നെയായിരുന്നു വിരാട് തന്റെ കരിയര്‍ മോഹങ്ങളെ കുറിച്ചും സംസാരിച്ചത്. ” ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാവുക എന്നതായിരുന്നു എന്നും എന്റെ ആഗ്രഹം. മൂന്ന് ഫോര്‍മാറ്റിലും ഒരു പോലെ മികച്ചു നിന്നാല്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂ. ഒപ്പം ടീമിനേയും മുന്നോട്ട് കൊണ്ടു പോകണം.” വിരാടിന്റെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം വ്യക്തമാണ്.


Also Read: ധൈര്യമുണ്ടെങ്കില്‍ നേര്‍ക്ക്‌നേര്‍ നിന്ന് സംസാരിക്കൂ; അല്ലാതെ ജനങ്ങളെ ഇളക്കി വിടരുത്; കെജ്‌രിവാളിനെ വെല്ലുവിളിച്ച് റോബര്‍ട്ട് വദ്ര


മികച്ച ലോക ക്രിക്കറ്റര്‍ക്കുള്ള പോളി ഉമിഗര്‍ പുരസ്‌കാരം മൂന്ന് വട്ടം നേടുന്ന ആദ്യ താരമായ വിരാട് തന്റെ വിജയങ്ങളുടെ ക്രെഡിറ്റ് നല്‍കുന്നത് ടീമംഗങ്ങളുടെ പിന്തുണയ്ക്കാണ്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടയ്ക്ക് ടീം കൈവരിച്ച മികവ് സമാനതകളില്ലാത്തതാണെന്നും തന്റെ കരിയറിലെ ബ്രേക്ക് ത്രൂവായ വര്‍ഷമാണ് പിന്നിട്ടതെന്നും വിരാട് പറയുന്നു.

നായകന്റെ മോശം ഫോമിലും ടീമിനെ വിജയത്തിലേക്ക് നയിച്ച താരങ്ങളുടെ പ്രകടനത്തേയും വിരാട് അഭിനന്ദിക്കാന്‍ മറന്നില്ല. വിജയത്തിന്റെ ക്രെഡിറ്റിന് ടീം മുഴുവന്‍ അര്‍ഹരാണെന്ന് നായകന്‍ പറയുന്നു.

അതേസമയം, ഡി.ആര്‍.എസ് വിവാദത്തില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്കും എതിരെ മാച്ച് റഫറിയുടെ നടപടികളുണ്ടാകില്ലെന്ന് ഐ.സി.സി വ്യക്തമാക്കിയിട്ടുണ്ട്. സ്മിത്തിനെതിരെ ആക്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഓസീസ് താരമായ മാര്‍ക്ക് വോ അടക്കമുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് പിഴയില്‍ നിന്നും ഇരുവരും രക്ഷപ്പെട്ടത്.

We use cookies to give you the best possible experience. Learn more