123 പന്തില്‍ 160 നേടി വിരാട്, പൂജ്യത്തിന് പുറത്തായി രോഹിത്, പരിക്കേറ്റവരുടെ അര്‍ധ സെഞ്ച്വറികള്‍; ഇതാ ഇന്ത്യ
ഏഷ്യാ കപ്പിന് മുന്നോടിയായുള്ള പ്രാക്ടീസ് മാച്ചില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങള്‍. ബെംഗളൂരുവിലെ ആലൂരില്‍ നടക്കുന്ന പരിശീലന ക്യാമ്പിലെ മത്സരത്തിലാണ് ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വിരാട് കോഹ്‌ലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തടിച്ചത്.
വിരാടും ഗില്ലും അടക്കമുള്ള താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോശം പ്രകടനം ആരാധകരെ നിരാശരാക്കുന്നുണ്ട്. പരിക്കില്‍ നിന്നും മടങ്ങിയെത്തിയ ശ്രേയസ് അയ്യരുടെയും കെ.എല്‍. രാഹുലിന്റെയും അര്‍ധ സെഞ്ച്വറികള്‍ ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വകയാണ് നല്‍കിയത്.
രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഞെട്ടിച്ചുകൊണ്ട് ഹിറ്റ്മാന്‍ പൂജ്യത്തിന് പുറത്താവുകയായിരുന്നു. നാല് പന്ത് നേരിട്ടാണ് ഹിറ്റ്മാന്‍ പവലിയനിലേക്ക് മടങ്ങിയത്. പിന്നീട് വണ്‍ ഡൗണായി വിരാട് ക്രീസിലെത്തി.
സെഞ്ച്വറി നേടിക്കൊണ്ടാണ് മുന്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി ഏഷ്യാ കപ്പിന് താന്‍ പൂര്‍ണ സജ്ജനാണെന്ന കാര്യം വെളിവാക്കിയത്. 123 പന്തില്‍ നിന്നും 160 റണ്‍സാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
അക്ഷരാര്‍ത്ഥത്തില്‍ വിന്റേജ് വിരാട് എന്ന് വിളിക്കാവുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. തുടക്കത്തില്‍ ക്രീസില്‍ നിലയുറപ്പിച്ച് നിന്ന താരം പോകെ പോകെ തന്റെ സ്വരൂപം പുറത്തെടുക്കുകയായിരുന്നു.
രോഹിത് പൂജ്യത്തിന് പുറത്തായെങ്കിലും ശുഭ്മന്‍ ഗില്‍ നിരാശനാക്കിയില്ല. വിന്‍ഡീസ് പര്യടനത്തിലെ പോരായ്മകളെ മറികടക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രകടനം. 35 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്.
ഗില്‍ മടങ്ങിയതിന് പിന്നാലെ നാലാം നമ്പറില്‍ ശ്രേയസ് അയ്യരിന്റെ വെടിക്കെട്ടായിരുന്നു ആലൂര്‍ കണ്ടത്. 71 പന്തില്‍ പുറത്താകാതെ 85 റണ്‍സാണ് താരം നേടിയത്. ഏറെ നാള്‍ പരിക്കിന്റെ പിടിയിലകപ്പെട്ട താരത്തിന്റെ തിരിച്ചുവരവാണ് ഏഷ്യാ കപ്പിലൂടെ സംഭവിക്കുന്നത്. ഈ തിരിച്ചുവരവ് ഒരിക്കലും വെറുതെയാകില്ല എന്ന് അടിവരയിടുന്ന പ്രകടനമായിരുന്നു അയ്യര്‍ നടത്തിയത്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലും നിരാശനാക്കിയില്ല. 67 പന്തില്‍ നിന്നും പുറത്താകാതെ 55 റണ്‍സാണ് രാഹുല്‍ നേടിയത്. മറ്റ് താരങ്ങളെ അപേക്ഷിച്ച് സ്‌ട്രൈക്ക് റേറ്റ് കുറവായിരുന്നെങ്കിലും ഇന്ത്യയുടെ ടോട്ടല്‍ സ്‌കോറില്‍ താരത്തിന്റെ ഇന്നിങ്‌സും പ്രതിഫലിച്ചിരുന്നു.
ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സാണ് ടീം നേടിയത്. ഏഷ്യാ കപ്പിന് ഇന്ത്യ തയ്യാറാണണെന്നാണ് ഈ ടോട്ടല്‍ സ്‌കോര്‍ വ്യക്തമാക്കുന്നത്.
സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. കാന്‍ഡിയിലെ പല്ലേക്കെലേയില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.
Content Highlight: Virat Kohli hits century in practice match before Asia Cup