ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ 12 വര്‍ഷത്തെ ഏറ്റവും മോശം പ്രകടനവുമായി വിരാട് കോഹ്‌ലി. പുതിയ അപ്‌ഡേഷന് പിന്നാലെ വിരാട് കോഹ്‌ലി 27ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. കരിയറിന്റെ ആദ്യ ഘട്ടങ്ങളില്‍, 2012ല്‍ 36ാം സ്ഥാനത്തുണ്ടായിരുന്നതിന് ശേഷമുള്ള വിരാടിന്റെ ഏറ്റവും മോശം പ്രകടനമാണിത്.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ടെസ്റ്റ് റാങ്കിങ്ങിലും വിരാടിന് തിരിച്ചടി നേരിട്ടത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ ശരാശരിക്കും താഴെയായിരുന്നു വിരാടിന്റെ പ്രകടനം.
ഈ പരമ്പരയില്‍ നാല് തവണയാണ് വിരാട് സ്‌കോട് ബോളണ്ടിനോട് തോറ്റ് പുറത്തായത്. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം ബൗളര്‍മാരുടെ പട്ടികയില്‍ ഒറ്റയടിക്ക് 222 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
അതേസമയം, റാങ്കിങ്ങിലെ ആദ്യ അഞ്ച് സ്ഥാനങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ കരുത്തറിയിച്ച് ജോ റൂട്ടും ഹാരി ബ്രൂക്കും ഇരിപ്പ് തുടര്‍ന്നപ്പോള്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം റാങ്ക് നിലനിര്‍ത്തി.
നാലാമനായി യശസ്വി ജെയ്‌സ്വാളും അഞ്ചാമനായി ട്രാവിസ് ഹെഡും തുടര്‍ന്ന പട്ടികയില്‍ സൗത്ത് ആഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ഒരു റാങ്ക് മെച്ചപ്പെടുത്തിയ കാമിന്ദു മെന്‍ഡിസാണ് ഏഴാമന്‍.
സ്റ്റീവ് സ്മിത്തിന് ഒരു സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ റിഷബ് പന്ത് ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഡാരില്‍ മിച്ചല്‍ പത്താം സ്ഥാനത്ത് തുടരുകയാണ്.
(ഐ.സി.സി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
അതേസമയം, റാങ്കിങ്ങില്‍ താഴേക്ക് പോയ വിരാട് കോഹ്‌ലിയെ ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. മോഡേണ്‍ ഡേ ലെജന്‍ഡ്‌സായ ഫാബ് ഫോറിലെ മൂന്ന് താരങ്ങള്‍ ആദ്യ പത്തില്‍ ഇടം നേടിയപ്പോള്‍ വിരാട് തന്റെ മോശം പ്രകടനം തുടരുകയാണെന്നും ഫാബ് ഫോറില്‍ വിരാടിന് പകരം മറ്റേതെങ്കിലും താരത്തെ കൊണ്ടുവരാനും ഇവര്‍ ആവശ്യപ്പെടുന്നു.
നേരത്തെ പുറത്തുവന്ന ടീം റാങ്കിങ്ങില്‍ ഇന്ത്യയ്ക്കും തിരിച്ചടിയേറ്റിരുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പര പരാജയപ്പെട്ടതോടെ ഇന്ത്യ രണ്ടില്‍ നിന്നും മൂന്നാം സ്ഥാനത്തെത്തി.
126 റേറ്റിങ്ങോടെ ഓസീസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ട് വണ്‍ ഓഫ് ടെസ്റ്റുകളിലും മികച്ച വിജയം സ്വന്തമാക്കിയ സൗത്ത് ആഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കയറി. 112 റേറ്റിങ്ങാണ് പ്രോട്ടിയാസിനുള്ളത്. നിലവില്‍ 109 റേറ്റിങ് പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.