| Sunday, 8th October 2023, 3:27 pm

ആ ക്യാച്ച് കൊണ്ടുചെന്നെത്തിച്ചത് ഐതിഹാസിക നേട്ടത്തിലേക്ക്; ലോകകപ്പില്‍ തീയായി വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വേള്‍ഡ് കപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല മുന്‍ ചാമ്പ്യന്‍മാര്‍ക്ക് ലഭിച്ചത്.

ടീം സ്‌കോര്‍ അഞ്ചില്‍ നില്‍ക്കവെ സൂപ്പര്‍ താരം മിച്ചല്‍ മാര്‍ഷ് പുറത്തായി. മൂന്നാം ഓവറിലെ രണ്ടാം പന്തിലായിരുന്നു മാര്‍ഷിന്റെ മടക്കം. ആറ് പന്തില്‍ റണ്ണൊന്നും നേടാതെ വിരാട് കോഹ്‌ലിക്ക് ക്യാച്ച് നല്‍കിയാണ് മാര്‍ഷ് പുറത്തായത്.

ജസ്പ്രീത് ബുംറയുടെ പന്തില്‍ ഔട്ട് സൈഡ് എഡ്ജായ പന്ത് സ്ലിപ്പില്‍ മനോഹരമായ ക്യാച്ചിലൂടെ വിരാട് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഈ ക്യാച്ചിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും വിരാടിനെ തേടിയെത്തിയിരിക്കുകയാണ്. ലോകകപ്പില്‍ ഏറ്റവുമധികം ക്യാച്ച് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്. ലോകകപ്പില്‍ വിരാടിന്റെ 15ാം ക്യാച്ചാണിത്. തന്റെ 28ാം വേള്‍ഡ് കപ്പ് മത്സരത്തിലാണ് വിരാട് ഈ റെക്കോഡ് സ്വന്തമാക്കുന്നത്.

14 ക്യാച്ചുമായി അനില്‍ കുംബ്ലെയുമായി ഒന്നാം സ്ഥാനം പങ്കിട്ടിരുന്ന വിരാട് ഇന്ത്യന്‍ ലെജഡന്‍ഡിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.

ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം ക്യാച്ചുകള്‍ സ്വന്തമാക്കിയ താരങ്ങള്‍

വിരാട് കോഹ്‌ലി – 15

അനില്‍ കുംബ്ലെ – 14

കപില്‍ ദേവ് – 12

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 12

അതേസമയം, 15 ഓവര്‍ പിന്നിടുമ്പോള്‍ 71 റണ്‍സിന് ഒന്ന് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 45 പന്തില്‍ 40 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും 39 പന്തില്‍ 31 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തുമാണ് നിലവില്‍ ക്രീസില്‍.

ഓസീസ് പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്, മാര്‍നസ് ലബുഷാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Content Highlight: Virat Kohli has the most catches as a fielder for India in World Cups

We use cookies to give you the best possible experience. Learn more