|

സ്‌ക്വാഡിലെ 15 പേരും ഒന്നിച്ച് നിന്ന് അടിച്ചിട്ടും ഒപ്പമെത്തിയില്ല; ഒപ്പീനിയന്‍ പോപ്പുലര്‍ തന്നെ, വിരാട് >>> സൗത്ത് ആഫ്രിക്ക

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടി-20 പരമ്പരയും ഏകദിന പരമ്പരയും അവസാനിച്ചിരിക്കുകയാണ്. ടി-20 പരമ്പര 1-1ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

വൈറ്റ് ബോള്‍ പരമ്പരകള്‍ക്ക് ശേഷം രണ്ട് മത്സരങ്ങളടങ്ങിയ റെഡ് ബോള്‍ സീരീസാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്. സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേര് അവസാനിപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.

ഇതിന് മുമ്പ് 2021ലാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരക്കിറങ്ങിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് പരാജയപ്പെടുകയായിരുന്നു.

2023ലെ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ കടലാസില്‍ ശക്തര്‍ ഇന്ത്യയാണ്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിങ്ങനെ പരിചയ സമ്പന്നരുടെ നിരയാണ് ഇന്ത്യക്കായി ഇറങ്ങുന്നത്.

മികച്ച ഫോമിലുള്ള വിരാട് കോഹ്‌ലിയില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. വൈറ്റ് ബോളില്‍ പുലര്‍ത്തിയ ഡോമിനന്‍സ് റെഡ് ബോള്‍ ഫോര്‍മാറ്റിലും പുറത്തെടുത്താല്‍ ഇന്ത്യക്ക് അനായാസം ജയിച്ചുകയറാന്‍ സാധിക്കും.

ഈ വര്‍ഷം കളിച്ച ഏഴ് ടെസ്റ്റിലെ പത്ത് ഇന്നിങ്‌സില്‍ നിന്നും 557 റണ്‍സാണ് വിരാട് നേടിയത്. രണ്ട് സെഞ്ച്വറിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

ഇതോടെ വിരാടിന്റെ ടെസ്റ്റ് സെഞ്ച്വറി നേട്ടം 29 ആയി ഉയര്‍ന്നിരുന്നു. ഇന്ത്യ – സൗത്ത് ആഫ്രിക്ക സ്‌ക്വാഡിലെ മറ്റ് താരങ്ങള്‍ നേടിയ കരിയര്‍ ടെസ്റ്റ് സെഞ്ച്വറികള്‍ ഒന്നിച്ച് കണക്കിലെടുത്താലും സെഞ്ച്വറി കണക്കില്‍ വിരാട് തന്നെയാണ് ഒന്നാമതെത്തുക.

സൗത്ത് ആഫ്രിക്കന്‍ സ്‌ക്വാഡിലെ 15 പേരും ചേര്‍ന്ന് 22 ടെസ്റ്റ് സെഞ്ച്വറികളാണ് കുറിച്ചിട്ടുള്ളത്. സ്‌ക്വാഡിലെ പല താരങ്ങളും ഇതുവരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാത്തവരാണ്.

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 13 സെഞ്ച്വറി നേടിയ ഡീന്‍ എല്‍ഗറാണ് പ്രോട്ടിയാസ് സ്‌ക്വാഡില്‍ ഏറ്റവുമധികം റെഡ് ബോള്‍ സെഞ്ച്വറി നേടിയ താരം. ആറ് സെഞ്ച്വറിയടിച്ച ഏയ്ഡന്‍ മര്‍ക്രമാണ് രണ്ടാമന്‍.

സൗത്ത് ആഫ്രിക്കന്‍ സ്‌ക്വാഡിലെ താരങ്ങളും ടെസ്റ്റില്‍ നേടിയ സെഞ്ച്വറികളും

ഡീന്‍ എല്‍ഗര്‍ – 13

കീഗന്‍ പീറ്റേഴ്‌സണ്‍ – 0

തെംബ ബാവുമ (ക്യാപ്റ്റന്‍) – 2

ടോണി ഡി സോര്‍സി – 0

ട്രിസ്റ്റണ്‍ സ്റ്റബ്‌സ് – 0

ഏയ്ഡന്‍ മര്‍ക്രം – 6

മാര്‍കോ യാന്‍സെന്‍ – 0

വിയാന്‍ മുള്‍ഡര്‍ – 0

ഡേവിഡ് ബെഡ്ഡിങ്ഹാം (വിക്കറ്റ് കീപ്പര്‍) – 0

കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍) – 1

ജെറാള്‍ഡ് കോട്‌സി – 0

കഗീസോ റബാദ – 0

കേശവ് മഹാരാജ് – 0

ലുന്‍ഗി എന്‍ഗിഡി – 0

നാന്ദ്രേ ബര്‍ഗര്‍ – 0

ഡിസംബര്‍ 26നാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കാണ് വേദി.

Content highlight: Virat Kohli has scored more Test centuries than combined South African squad.