ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കുമാണ് ഇന്ത്യ മരതകദ്വീപിലെത്തിയിരിക്കുന്നത്.
ടി-20 പരമ്പരയാണ് ആദ്യം നടക്കുക. സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. ജൂലൈ 27ന് പല്ലേക്കലെയിലാണ് ആദ്യ മത്സരം.
ഓഗസ്റ്റ് രണ്ട് മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമടക്കമുള്ളവരാണ് ഇന്ത്യന്‍ സ്‌ക്വാഡിലുള്ളത്. ആറ് മാസമകലെ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ കര്‍ട്ടന്‍ റെയ്‌സര്‍ കൂടിയാണ് ഈ മത്സരം.
സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ സാന്നിധ്യം തന്നെയാണ് ഇന്ത്യന്‍ സ്‌ക്വാഡിനെ കൂടുതല്‍ കരുറ്റുത്തതാക്കുന്നത്. ശ്രീലങ്കക്കെതിരെ മികച്ച ട്രാക്ക് റെക്കോഡാണ് വിരാടിനുള്ളത്. കരിയറില്‍ ആകെ നേടിയ 80 സെഞ്ച്വറികളില്‍ 15 എണ്ണവും ലങ്കക്കെതിരെയാണ് കിങ് കോഹ്‌ലി സ്വന്തമാക്കിയത്.
വിരാട് ഏറ്റവുമധികം സെഞ്ച്വറി നേടിയ ടീമുകളില്‍ രണ്ടാം സ്ഥാനമാണ് നിലവില്‍ ശ്രീലങ്കക്കുള്ളത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ വിരാട് ഒരു സെഞ്ച്വറി നേടുകയാണെങ്കില്‍ ഈ പട്ടികയില്‍ ലങ്ക ഒന്നാം സ്ഥാനത്തെത്തും.
വിരാടിന്റെ ബാറ്റില്‍ നിന്നും ഏറ്റവുമധികം സെഞ്ച്വറി പിറവിയെടുത്തത് ഓസ്‌ട്രേലിയക്കെതിരെയാണ്. 16 തവണയാണ് കങ്കാരുക്കളെ നേരിടുമ്പോള്‍ വിരാട് ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കിയത്.
ഓരോ ടീമുകള്‍ക്കെതിരെയും വിരാട് കോഹ്‌ലി നേടിയ സെഞ്ച്വറികള്‍
(ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
ഓസ്‌ട്രേലിയ – 16
ശ്രീലങ്ക – 15
വെസ്റ്റ് ഇന്‍ഡീസ് – 12
ന്യൂസിലാന്‍ഡ് – 8
ഇംഗ്ലണ്ട് – 8
സൗത്ത് ആഫ്രിക്ക – 8
ബംഗ്ലാദേശ് – 7
പാകിസ്ഥാന്‍ – 3
സിംബാബ്‌വേ – 1
അഫ്ഗാനിസ്ഥാന്‍ – 1
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ടി-20 പരമ്പര
ആദ്യ മത്സരം: ജൂലൈ 27, ശനി – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.
രണ്ടാം മത്സരം: ജൂലൈ 28, ഞായര്‍ – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.
അവസാന മത്സരം: ജൂലൈ 30, ചൊവ്വ – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ഏകദിന പരമ്പര
ആദ്യ മത്സരം: ഓഗസ്റ്റ് 2, വെള്ളി – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.
രണ്ടാം മത്സരം: ഓഗസ്റ്റ് 4, ഞായര്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.
അവസാന മത്സരം: ഓഗസ്റ്റ് 7, ബുധന്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.
ടി-20 സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.
ഏകദിന സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.
Content highlight: Virat Kohli has scored 15 centuries against Sri Lanka