കളിക്കളത്തിൽ എനിക്ക് സ്ട്രൈക്ക്റേറ്റ് ഒന്നുമല്ല പ്രധാനം: പ്രതികരണവുമായി കോഹ്‌ലി
Cricket
കളിക്കളത്തിൽ എനിക്ക് സ്ട്രൈക്ക്റേറ്റ് ഒന്നുമല്ല പ്രധാനം: പ്രതികരണവുമായി കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th April 2024, 12:27 pm

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മൂന്നാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഒമ്പത് വിക്കറ്റിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.

ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു 16 ഓവറില്‍ ഒമ്പത് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

കളിക്കളത്തില്‍ ബാറ്റ് ചെയ്യുന്ന കോഹ്‌ലിക്കെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നുനിന്നിരുന്നു. ഇപ്പോഴിതാ സ്‌ട്രൈക്ക്‌റേറ്റുമായി ബന്ധപ്പെട്ട് തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് കോഹ്‌ലി. ഗുജറാത്തിനെതിരെയുള്ള വിജയത്തിനുശേഷം പ്രതികരിക്കുകയായിരുന്നു കോഹ്‌ലി.

‘സ്‌ട്രൈക്ക്‌റേറ്റിനെ കുറിച്ച് സംസാരിക്കുന്നവരും ഞാന്‍ നന്നായി സ്പിന്നിനെതിരെ കളിക്കാത്ത ആളാണെന്നും പറയുന്നവര്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല കളിക്കളത്തില്‍ പ്രധാനപ്പെട്ട കാര്യം. ടീമിനൊപ്പം മത്സരങ്ങള്‍ വിജയിക്കുക എന്നതാണ് ഞാന്‍ പ്രധാനമായും ചിന്തിക്കുന്നത്.

അതുകൊണ്ടാണ് കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ ഒരുപാട് കാലം ഇത്തരത്തില്‍ കളിക്കുന്ന ഒരാളാണ്. ഞാന്‍ കളിക്കളത്തില്‍ എന്റെ ജോലി കൃത്യമായി ചെയ്യാനാണ് ശ്രമിക്കാറുള്ളത്. ആളുകള്‍ക്ക് മത്സരങ്ങളെക്കുറിച്ച് അവരുടെതായ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കും എന്നാല്‍ ദീര്‍ഘകാലമായി ഇത് പറഞ്ഞു കൊണ്ടിരിക്കുന്നവര്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയാം,’ കോഹ്‌ലി പറഞ്ഞു.

മത്സരത്തില്‍ വിരാട് കോഹ്‌ലി അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 44 പന്തില്‍ 70 റണ്‍സ് നേടികൊണ്ടായിരുന്നു കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനം. ആറ് ഫോറുകളും മൂന്ന് സിക്സുകളും ആണ് കോഹ്‌ലി അടിച്ചെടുത്തത്.

കോഹ്‌ലിക്ക് പുറമെ വില്‍ ജാക്‌സ് സെഞ്ച്വറി നേടിയും കരുത്തുകാട്ടി.
41 പന്തില്‍ പുറത്താവാതെ 100 റണ്‍സ് നേടിക്കൊണ്ടായിരുന്നു വില്‍ ജാക്സിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും പത്ത് കൂറ്റന്‍ സിക്സുകളും ആണ് ഇംഗ്ലണ്ട് താരം അടിച്ചെടുത്തത്. 243.90 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ജയിച്ചെങ്കിലും മൂന്ന് വിജയവും എഴുതോല്‍വിയും അടക്കം ആറ് പോയിന്റോടെ അവസാനസ്ഥാനത്ത് തന്നെയാണ് ബെംഗളൂരു. മെയ് നാലിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തന്നെയാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അടുത്ത മത്സരം. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Virat Kohli has responded to criticism leveled at him regarding his strike rate