കഴിഞ്ഞ ദിവസമായിരുന്നു സിംബാബ്‌വേ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെ ക്ലീന്‍ സ്വീപ് ചെയ്ത ശിഖര്‍ ധവാന്‍ തന്നെയാണ് സിംബാബ്‌വേ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.
സീനിയര്‍ താരങ്ങളെ മാറ്റി നിര്‍ത്തിയ സ്‌ക്വാഡില്‍ ഏറെ നാളായി പരിക്കേറ്റ് പുറത്തിരുന്ന ദീപക് ചഹറിനെയും ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിലൂടെ ആരാധകപ്രശംസയേറ്റുവാങ്ങിയ രാഹുല്‍ ത്രിപാഠിയേയും ഉള്‍പ്പെടുത്തിയിരുന്നു.
ഏറെ നാളായി ഫോമിലല്ലാത്ത വിരാട് കോഹ്‌ലിയെ സിംബാബ്‌വേ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിരാടിനെ പരിഗണിക്കാതെയാണ് സ്‌ക്വാഡ് അനൗണ്‍സ് ചെയ്തിരിക്കുന്നത്.
എന്നാല്‍, ഈ പര്യടനത്തില്‍ പരിഗണിച്ചില്ലെങ്കിലും ഏഷ്യാ കപ്പില്‍ എന്തുവന്നാലും തനിക്ക് കളിക്കണം എന്ന് വിരാട് കോഹ്‌ലി സെലക്ടര്‍മാരെ അറിയിച്ചതായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
‘ഏഷ്യാ കപ്പ് മുതല്‍ താന്‍ ലഭ്യമായിരിക്കും എന്ന് വിരാട് കോഹ്‌ലി സെലക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്. പ്രധാന താരങ്ങള്‍ക്ക് ഏഷ്യാ കപ്പ് മുതല്‍ ടി-20 ലോകകപ്പ് വരെ വിശ്രമം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.
അതിനാല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷമുള്ള രണ്ടാഴ്ചയായിരിക്കും താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ സാധിക്കുക,’ ബി.സി.സി.ഐ വൃത്തങ്ങള്‍ പി.ടി.ഐയോട് പറഞ്ഞു.
ഓഗസ്റ്റ് എട്ടിനകം ടീമുകള്‍ അവരുടെ സ്‌ക്വാഡ് പ്രഖ്യാപിക്കണമെന്നാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചിട്ടുള്ളത്. ബി.സി.സി.ഐ അന്നേ ദിവസം മുംബൈയില്‍ യോഗം ചേരുകയും തീരുമാനമെടുക്കുകയും ചെയ്യുമെന്നാണ് ലഭ്യമായ വിവരം.
കെ.എല്‍. രാഹുലും വിരാട് കോഹ്‌ലിയുമാണ് ഇപ്പോള്‍ ബി.സി.സി.ഐയ്ക്ക് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിരാടിന്റെ ഫോമില്ലായ്മയും രാഹുലിന്റെ അനാരോഗ്യവും ബോര്‍ഡിനും സെലക്ഷന്‍ കമ്മിറ്റിക്കും തലവേദനയാവുമെന്നുറപ്പാണ്.
ഇതേ ടീം തന്നെയായിരിക്കും ടി-20 ലോകകപ്പ് കളിക്കാന്‍ ഏറെ സാധ്യതയുള്ളതെന്നിരിക്കെ ബി.സി.സി.ഐയുടെ തലവേദന ഇരട്ടിയാവും.
ആഗസ്റ്റ് 27നാണ് ഏഷ്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്. നേരത്തെ ശ്രീലങ്കയില്‍ വെച്ച് നടത്താനിരുന്ന ടൂര്‍ണമെന്റ് ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം മാറ്റുകയായിരുന്നു.
യു.എ.ഇയാണ് നിലവില്‍ ഏഷ്യാ കപ്പിന് ആതിഥ്യമരുളാന്‍ ഒരുങ്ങുന്നത്. ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പിലെ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Content highlight: Virat Kohli has informed the selectors of the crucial requirement ahead of the Asia Cup