| Wednesday, 11th October 2023, 3:36 pm

ഐ.പി.എല്‍ സമ്മാനിച്ച ശത്രുവിനെതിരെ ഇറങ്ങും മുമ്പ് വിരാടിന് സന്തോഷ വാര്‍ത്ത; കിങ് ഈസ് ബാക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്റെ ആവേശത്തിലാണ് ഇന്ത്യ. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ നേരിടുന്നത്. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

ഇന്ത്യ – പാകിസ്ഥാന്‍ മത്സരം പോലെ ആരാധകര്‍ കാത്തിരുന്ന മത്സരമായിരുന്നു ഇത്. ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലിയും നവീന്‍ ഉള്‍ ഹഖും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നടന്ന യുദ്ധങ്ങളും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇതോടെയാണ് വിരാട് – നവീന്‍ പോരാട്ടത്തിനുള്ള മറ്റൊരു വേദിയായി വിരാടിന്റെ ഹോം ഗ്രൗണ്ട് മാറിയത്.

എന്നാല്‍ ഈ മത്സരത്തിന് മുമ്പ് തന്നെ വിരാട് കോഹ്‌ലി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയുമെത്തിയിരുന്നു. ഐ.സി.സി റാങ്കില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുകയാണ് കിങ് കോഹ്‌ലി.

നിലവില്‍ 715 റേറ്റിങ് പോയിന്റുമായാണ് വിരാട് ഏഴാം സ്ഥാനത്തേക്കെത്തിയിരിക്കുന്നത്. ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തിലെ അപരാജിത ഇന്നിങ്‌സിനാണ് മുന്‍ ഇന്ത്യന്‍ നായകന് ഈ നേട്ടമുണ്ടാക്കിക്കൊടുത്തത്.

റാങ്കിങ്ങിലെ ആദ്യ പത്തില്‍ നിന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പുറത്തായിരുന്നു. ഓസീസിനെതിരെ പൂജ്യത്തിന് പുറത്താകേണ്ടി വന്നതോടെ ഒരു സ്ഥാനം നഷ്ടപ്പെട്ട് നിലവില്‍ 11ാം സ്ഥാനത്താണ് ഹിറ്റ്മാന്‍.

കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഡേവിഡ് മലന്‍ റാങ്കില്‍ വമ്പന്‍ കുതിപ്പുണ്ടാക്കിയിരുന്നു. ഒറ്റയടിക്ക് ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്കാണ് മലന്‍ ഉയര്‍ന്നിരിക്കുന്നത്.

റാങ്കിങ്ങിലെ ആദ്യ ആറ് സ്ഥാനങ്ങളില്‍ മാറ്റമുണ്ടായിട്ടില്ല. പാക് നായകന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്തും ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ രണ്ടാം സ്ഥാനത്തും തുടരുകയാണ്.

(ഐ.സി.സി റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണുന്നതിനായി ഇവിടെ ക്ലിക്ചെയ്യുക).

അതേസമയം, ഇന്ത്യക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ 70 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്‌മത് ഷാ എന്നിവരുടെ വിക്കറ്റാണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, റഹ്‌മത് ഷാ, ഹസ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമറാസി, മുഹമ്മദ് നബി, നജിബുള്ള സദ്രാന്‍, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ്, ഫസലാഖ് ഫാറൂഖി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Content Highlight: Virat Kohli has improved two places in the ICC rankings.

We use cookies to give you the best possible experience. Learn more